സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ? ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രചരണ വിഷയമാകണം- എൻ.എസ് മാധവൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര മണ്ഡലത്തിലെ പ്രചാരണ വിഷയമാകണമെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. അവിടത്തെ തെരഞ്ഞെടുപ്പില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും ഈ വിഷയം ചർച്ചയാവുകയെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

'തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,' എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.'

എന്‍എസ് മാധവനെ പിന്തുണച്ചുകൊണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും രംഗത്തുവന്നു. സർക്കാർ നിയമിച്ച ഒരു കമ്മറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കില്ലായെന്ന പിടിവാശി എന്തിനാണെന്ന് കെ.സി ജോസഫ് ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലവിവരവും റിപ്പോർട്ടിൽ ഉണ്ടോയെന്നും ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാടെന്നും കെ.സി ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. വിജയ് ബാബുവിനെതിരെ ബലാത്സംഗം പരാതിയുമായി യുവ നടി രംഗത്ത് വന്നതോടെയാണ് വീണ്ടും ഈ വിഷയം സജീവ ചർച്ചയായത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷനും വിമർശിച്ചിരുന്നു. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Hema Committee report should be the subject of propaganda - NS Madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.