പി. രാജീവ്
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയിൽ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചത് പോലെ തന്നെയെന്ന് മുൻമന്ത്രി പി. രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ അന്ന് പ്രതിപക്ഷതായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് ഇന്നും പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസായി പുറത്തുവരുമായിരിക്കുമെന്നും പി. രാജീവ് പരിഹസിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടിയെയും പി. രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചുവെന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും പി. രാജീവ് പറഞ്ഞു. ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണ് യോഗം ചേർന്നത്. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്നിരുന്നില്ല.
ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനുമുമ്പും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് പി. രാജീവ് ചോദിച്ചു. നുണകൾ അധികം ചിലവാകുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പി.എം ശ്രീയിൽ സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകൾ തെരഞ്ഞെടുക്കാനെന്ന്. ഇടത് സർക്കാർ പദ്ധതി നടപ്പാക്കിയില്ല, തങ്ങളും നടപ്പാക്കില്ലെന്ന് പറയാൻ യു.ഡി.എഫിന് പറ്റുമോയെന്നും പി. രാജീവ് പറഞ്ഞു. പദ്ധതി നടപ്പാക്കാൻ എൽ.ഡി.എഫ് ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് യോഗം വിളിച്ചില്ലെന്നും പി. രാജീവ് വ്യക്തമാക്കി. ഇവിടെ അതാണോ സ്ഥിതി. സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകൾ തിരഞ്ഞെടുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തു എന്ന ആരോപണങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഴക്കെടുതിയെക്കുറിച്ചുള്ള വിവരം പുലർച്ചെ അഞ്ചിന് അറിഞ്ഞിരുന്നുവെന്നും അന്നേരം മുതൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, കലക്ടർമാർ, എം.എൽ.എമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം നടന്ന സ്ഥലങ്ങളിൽ നേരിട്ട് എത്തേണ്ട ആവശ്യമുണ്ടോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നുവെന്നും എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിക്കായി പൊന്നാനിയിലേക്ക് പോയത്. യാത്രയിലുടനീളം കലക്ടർമാരെയും മറ്റു ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിരുന്നു. എൻ.ഡി.ആർ.എഫ് സേനയെ എത്തിക്കുന്നതിനും നാവികസേനയുടെ ഹെലികോപ്റ്ററിനായി ശ്രമിക്കുന്നതിനും കോസ്റ്റ് ഗാർഡിന്റെ ബോട്ട് മുതലപ്പഴിയിൽ എത്തിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പങ്കെടുത്തത് ഒരു സൽക്കാരത്തിലല്ലെന്നും മറിച്ച് ഉച്ചഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നും സതീശൻ വിശദീകരിച്ചു. മലപ്പുറം പൊന്നാനിയിലെ ഹരിദാസിന്റെ വീടിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വൈകിട്ട് മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചത്.
ഒരു വശത്ത് പ്രളയത്തിന്റെ ദൃശ്യങ്ങളും മറുവശത്ത് താൻ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ചേർത്ത് വാർത്തകൾ നൽകുന്നത് ഔചിത്യമില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹീനമായ അപവാദ പ്രചരണമാണ്. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. 2018ലും 2019ലും ദുരന്തം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഇതിലും വലിയ പ്രളയങ്ങൾ കണ്ടിട്ടുള്ള ആളാണെന്നും 75,000ഓളം പേരെ തന്റെ മണ്ഡലത്തിലും പുറത്തുമായി ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആദ്യത്തെ മൂന്ന് ദിവസം സർക്കാർ സഹായം എത്തുന്നതിന് മുൻപ് തന്നെ കടം വാങ്ങി ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.