പമ്പാതടം രക്ഷക്കായുള്ള മുറവിളികളിൽ മുങ്ങുന്നു VIDEO

പത്തനംതിട്ട: പത്തനംതിട്ടയിൽ പമ്പാ നദീതടം ആകെ മുങ്ങിയതോടെ വീടുകളിൽ കുടുങ്ങി കിടക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾ. മിക്ക വീടുകളുടെയും മേൽകൂരകളിൽ കയറി നിന്ന് ജനം രക്ഷക്കായി മറവിളികൂട്ടുന്നു. ഇവരെ രക്ഷിക്കാൻ നീണ്ടകരയിൽ നിന്നും ആറു ബോട്ടുകളിലായെത്തിയ മത്സ്യത്തൊഴിലാളികളും ദുരന്ത നിവാരണസേനയും സൈനികരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ആറന്മുളയിൽ നിന്ന് രാവിലെ 21 പേരെ വ്യോമസേന രക്ഷപെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു. കുടുങ്ങിക്കിടക്കുന്നവർ അനേകമായതിനാൽ എല്ലായിടത്തും രക്ഷാ പ്രവർത്തകർക്ക് എത്താനാകുന്നില്ല. 

കഴിഞ്ഞ രാത്രിൽ മഴക്ക് അല്പം ശമനമുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്തമഴ വീണ്ടും തുടങ്ങിയത് രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാകുന്നു. കുടുങ്ങിയവർ വീടുകളുടെ ടെറസുകളിൽ കയറിനിന്ന് രക്ഷക്കായി മുറവിളി കൂട്ടുന്ന രംഗമാണ് ആറന്മുള മേഖലയിലാകെ. താഴെ നിലകൾ മുങ്ങിയതിനാൽ ടെറസുകൾക്ക് മുകളിൽ മഴ നനഞ്ഞാണ് പലരും നിൽക്കുന്നത്. വൃദ്ധരായ കുടുംബാംഗങ്ങൾ കൊടിയ ദുരിതമാണനുഭവിക്കുന്നത്. പത്തനംതിട്ട ജില്ല പൂർണമായും നിശ്ചലമായ നിലയിലാണ്. ഗതാഗത സംവിധാനങ്ങൾ എല്ലാം നിലച്ചു. കെ.എസ്.ആർ.ടി.സി അടക്കം ബസ് സർവീസുകളൊന്നുമില്ല. 

റോഡുകളുടെ മിക്ക ഭാഗങ്ങളും മുങ്ങിയതിനാൽ സ്വകാര്യ വാഹനങ്ങൾക്കും ഒാടാനാകുന്നില്ല. വൈദ്യുതി ബന്ധം അപൂർവ സ്ഥലങ്ങളിൽ മാത്രമാണുള്ളത്. മിക്ക സബ്സ്റ്റേഷനുകളും കെ.എസ്.ഇ.ബി അധികൃതർ ഒാഫ് ചെയ്തിട്ടിരിക്കയാണ്. ജില്ല ഇതുവരെ കാണാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ഇന്നുവരെ വെള്ളം കയറിയിട്ടില്ലാത്ത മേഖലകളിൽ വരെ വീടുകളുടെ താഴത്തെ നിലകൾ പൂർണമായും മുങ്ങിയ നിലയിലാണ്. 35 കിലോമീറ്ററോളം നീളത്തിലാണ് പമ്പയാറി​​​െൻറ തീരമേഖല മുങ്ങികിടക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

നീണ്ടകരയില്‍ നിന്നുള്ള പരമാവധി വലിയ ഫിഷിങ് ബോട്ടുകൾ പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. റബര്‍ ഡിങ്കിക്ക് പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വലിയ ഫിഷിങ് ബോട്ട് സഹായകമാകും. ദുരന്തനിവാരണ സേനയുടെ 10 ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും തിരുവനന്തപുരത്ത് നിന്നു എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ഇവ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുന്നുണ്ട്. റാന്നിയിൽ പുതുതായി എത്തിയ രണ്ട് ബോട്ടുകൾ കൂടി പ്രവർത്തനം തുടങ്ങി.

Tags:    
News Summary - Heavy Rain in Pathanamthitta -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.