Representational Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത, മൂന്ന് അണക്കെട്ടുകൾ തുറന്നു; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: തമിഴ്നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിൽ

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പട്ടത്തെ 250 വീടുകളിൽ വെള്ളം കയറി. മരപ്പാലം കേദാരം ലൈനിലെ 15 കുടുംബങ്ങളെ ഒഴിപ്പിച്ചു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തു. കോന്നി കൊക്കാത്തോട് മേഖലയിലാണ് നാശനഷ്ടമുണ്ടായത്.

മൂന്ന് അണക്കെട്ടുകൾ തുറന്നു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ പാംബ്ല, പൊന്മുടി, കല്ലാർ അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ട് കൂടി ഇന്ന് തുറക്കും. രാവിലെ ഒമ്പത് മുതൽ ഷട്ടറുകൾ ഉയർത്തി 300 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 455 മീറ്റർ ആണ്. 456.60 മീറ്റർ ആണ് പരമാവധി ജലനിരപ്പ്. അതേസമയം, കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട്.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി

മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ശബരിമല തീർഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധികൾ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യത

നവംബർ 25ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26ഓടെ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 27ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Heavy rain likely in Kerala today, three dams opened; Revenue Minister to avoid unnecessary travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT