കോട്ടയം: ദുരിതപ്പെയ്ത്തിന് അറുതിയായെങ്കിലും വീടുകളിലേക്ക് മടങ്ങിയെത്തുന്നവരെ കാത്തിരിക്കുന്നത് ഹൃദയഭേദകകാഴ്ചകൾ. കുതിച്ചുയർന്ന വെള്ളത്തിൽനിന്ന് രക്ഷതേടി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മാറിയശേഷം ജലനിരപ്പ് കുറഞ്ഞതോടെ പൂട്ടിയിട്ട വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ വരവേറ്റത് തകർന്നടിഞ്ഞ കാഴ്ചകൾ. പ്രളയം സമ്പാദ്യങ്ങളെല്ലാം കവർന്നെടുത്തത് കണ്ട വീട്ടമ്മമാർ പൊട്ടിക്കരഞ്ഞു. ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം വെള്ളം അപഹരിച്ചതോടെ എങ്ങും കണ്ണീരൊഴുകി.
കുട്ടികളുടെ പുസ്തകങ്ങളും വീട്ടുപകരണങ്ങളും നനഞ്ഞ് ചിതറിക്കിടക്കുന്നു. വസ്ത്രങ്ങൾ ചളിയും പായലും നിറഞ്ഞനിലയിൽ. പ്ലൈവുഡ് പൊളിഞ്ഞ് കട്ടിലുകൾ. തലയെണ, മെത്ത എല്ലാം നശിച്ചു. ഗ്ലാസ് തകർന്നുവീണ അലമാരകൾ. പാത്രങ്ങൾ പലയിടങ്ങളിൽ. വീടുകളിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ഭക്ഷണസാധനങ്ങളും നശിച്ചു. ഇവ സൂക്ഷിച്ചിരുന്ന പാത്രങ്ങൾപോലും തകർന്നു. കോഴിക്കൂടുകളടക്കം ഒഴുകിപ്പോയി. മുറ്റങ്ങളിലടക്കം പ്ലാസ്റ്റിക് കൂമ്പാരങ്ങൾ. ചീഞ്ഞളിഞ്ഞ ചക്ക അടക്കം കെട്ടിക്കിടക്കുന്നു -രണ്ടോ മൂന്നോ ദിവസം വെള്ളത്തിലായ വീടുകളിലെ അവസ്ഥയിതാണ്.
ഭൂരിഭാഗം വീടുകളിലെയും ഫ്രിഡ്ജ്, വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ എന്നിവ ഉപയോഗശൂന്യമായി. കൂടുതൽ വെള്ളം കയറിയ വീടുകളിലെ മിക്സി, ൈഗ്രൻഡർ, ഗ്യാസ് സ്റ്റൗ, ഫാൻ, വയറിങ് എന്നിവ പൂർണമായി നശിച്ചിട്ടുണ്ട്. പലരും ഉയർന്ന സ്ഥലങ്ങളിൽ ഇത് സൂക്ഷിച്ചിരുന്നെങ്കിലും വെള്ളം അതിനുമപ്പുറം ഉയർന്നതോടെ എല്ലാം വെള്ളത്തിലാകുകയായിരുന്നു. ജീവിതം പഴയ അവസ്ഥയിലേക്ക് വരാൻ ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയാണ്.
തടിയുപകരണങ്ങൾ നാശത്തിെൻറ വക്കിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച ഉപകരണങ്ങളിൽ ഭൂരിഭാഗവും നശിച്ചു. കുളങ്ങളിൽ വളർത്തിയിരുന്ന മത്സ്യങ്ങൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. മത്സ്യങ്ങൾ ഒഴുകിപ്പോയ വകയിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമുണ്ടായവർ ജില്ലയിലുണ്ട്.
‘മക്കളെങ്കിലും പഠിച്ച് ദുരിതജീവിതത്തിന് അറുതിയുണ്ടാകെട്ടയെന്ന് കരുതി വാങ്ങിയ വില കൂടിയ ഗൈഡുകളും പുസ്തകങ്ങളും നനഞ്ഞുകിടക്കുന്നു, ഇനി എത്രദിവസം കഴിയണം, ഇതിനെയൊരു വീടാക്കി മാറ്റാൻ -കോട്ടയം നഗരത്തിനടുത്തുള്ള ഇറഞ്ഞാൽ സ്വദേശി ഒാമന കരച്ചിലിനിടെ പറഞ്ഞു.
വീട്ടിനുള്ളിലെല്ലാം ചളിനിറഞ്ഞിരിക്കുകയാണ്. പല വീടുകളിലും പാമ്പുകളും കയറി. വീട് വൃത്തിയാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വീട്ടുകാർ. മടങ്ങിയെത്തിയവരെ കാത്തിരിക്കുന്ന കുടിവെള്ള പ്രതിസന്ധി രൂക്ഷമാണ്. കിണറുകളിൽ മാലിന്യം നിറഞ്ഞു. ശുദ്ധജലം കിട്ടാനില്ല. പമ്പിങ് പുനരാരംഭിക്കാൻ കഴിയാത്തതിനാൽ ജല അതോറിറ്റിയുടെ കുടിവെള്ളവും കിട്ടാക്കനിയാണ്.
കെ.എസ്.ഇ.ബിക്ക് 25 കോടിയുടെ നഷ്ടം
തിരുവനന്തപുരം: കാലവര്‍ഷത്തില്‍ ഇതുവരെയായി 25,000 വൈദ്യുതികാലുകള്‍ തകരുകയും 250ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ കേടാകുകയും ചെയ്തതായി കെ.എസ്.ഇ.ബി. മൂവായിരത്തോളം കിലോമീറ്റര്‍ വൈദ്യുതി ലൈനുകളും തകരാറിലായി. വൈദ്യുതി മുടങ്ങിയത് മൂലമുണ്ടായ വരുമാനനഷ്ടം കൂടാതെ കെ.എസ്.ഇ.ബിക്ക് 25 കോടി രൂപയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ചിലപ്രദേശങ്ങളില്‍ ഇപ്പോഴും കാറ്റും മഴയും തുടരുന്നത് വൈദ്യുതി ബോര്‍ഡിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.