തിരുവനന്തപുരം/പത്തനംതിട്ട: സമീപപ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ വൈകീട്ടോടെ ഉയർത്തി. രണ്ട് ഷട്ടറുകൾ പിന്നീട് അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രം 50 സെ.മീ ഉയർത്തി വെള്ളം ഒഴുക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഡാമിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
ഗവിയിലേക്കുള്ള റൂട്ടിൽ പലയിടത്തും മഴയിൽ മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളിൽ രാത്രി 11.30 വരെ 0.4 മുതൽ 1.5 മീറ്റർവരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരത്തും, തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.