നിങ്ങൾക്ക് എല്ലാവർക്കും മുഖ്യമന്ത്രിയാകണ്ടെ, എന്തൊരു പാർട്ടിയാണിത്; കോൺഗ്രസിനെ പരിഹസിച്ച് കെ.കെ. ശൈലജ - പി.ആർ ടീമിനെ വെച്ച് മുഖ്യമ​ന്ത്രിയാകാൻ നോക്കിയതിനാണ് ഇപ്പോൾ പിറകിലിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയിൽ കൊമ്പുകോർത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.കെ. ശൈലജ എം.എൽ.എയും. നിയമസഭയിലെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് ചർച്ചക്കിടയിലാണ് ഇരുവരും തർക്കത്തിലേർപ്പെട്ടത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മത്സരമാണെന്നും ഈ സാഹചര്യത്തിൽ ഭരണം കിട്ടിയാൽ എങ്ങനെ ഭരിക്കുമെന്നുമായിരുന്നു കെ.കെ. ശൈലജയുടെ ചോദ്യം.

എൽ.ഡി.എഫ് സർക്കാറിന് വികസന തുടർച്ചയുണ്ടാകുമെന്നും കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന വികസനം തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നായിരുന്നു കെ.കെ. ശൈലജയുടെ പരാമർശം. ഇനി അഥവാ കോൺഗ്രസിന് ഭരണം കിട്ടിയാൽ തന്നെ എങ്ങനെ ഭരിക്കുമെന്നും അവർ ചോദിച്ചു. നിങ്ങൾക്ക് എല്ലാവർക്കും മുഖ്യമന്ത്രിയാകണ്ടെ. എന്തൊരു പാർട്ടിയാണിത്. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നതെന്നും ​മട്ടന്നൂർ എം.എൽ.എ പരിഹസിച്ചു.

കോൺഗ്രസ് പോലെ ഇന്ത്യ ഭരിച്ചിരുന്ന ഒരു പാർട്ടിയുടെ അപചയമാണിത്. മുഖ്യമന്ത്രിയാകുക എന്നതൊക്കെ പീന്നീടുള്ള കാര്യങ്ങ​ളല്ലേ. ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങ​ളല്ലേയെന്നും ശൈലജ ചോദിച്ചു.

ഒരാൾ പറഞ്ഞത് മുഖ്യമന്ത്രിയാകാൻ ഞാൻ ഡൽഹിയിൽനിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോഴാണ് ഞങ്ങൾ മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പമെന്ന് മുസ്‍ലിം ലീഗിന് തോന്നിയത്.-ശൈലജ പറഞ്ഞു.

പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിൽ താൻ ഇതിന് മറുപടി പറയേണ്ടേ എന്ന് ചോദിച്ചാണ് വി.ഡി. സതീശൻ തുടങ്ങിയത്. കോൺഗ്രസിൽ അഞ്ചാറ് മുഖ്യമന്ത്രിമാർ ഉണ്ടെന്നും പാർട്ടി നശിച്ചുപോയെന്നുമാണ് ശൈലജ ടീച്ചർ പറയുന്നത്. എന്നാൽ തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. ശൈലജ ടീച്ചർക്ക് വലിയ വിഷമം ഉണ്ടാകും. കാരണം ടീച്ചർ ഒരു പി.ആർ ഏജൻസിയെ ഒക്കെ വെച്ച് മുഖ്യമന്ത്രിയാകാൻ ഇറങ്ങിയതു​കൊണ്ടാണ് ട്രഷറി ബെഞ്ചിൽ ഇരിക്കേണ്ട ടീച്ചർ ഇപ്പോൾ പിറകിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും പുറത്തുള്ള കുറച്ച് ആളുകളും മാധ്യമങ്ങളും ചേർന്ന് നൽകുന്ന പ്രചാരണങ്ങളാണ് ഇവയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Heated debate between opposition leader VD Satheesan and KK Shailaja MLA in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.