ആരോഗ്യ - ലൈഫ് ഇൻഷുറൻസ് മേഖലയിൽ 18 ശതമാനം ആയിരുന്ന ചരക്കുസേവന നികുതി തിങ്കളാഴ്ചമുതൽ പൂജ്യമായി മാറി. ഇന്നലെ മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നവർക്കും പോളിസി പുതുക്കുന്നവർക്കും നേരത്തേ ചേർന്ന് തവണ വ്യവസ്ഥയിൽ പണമടച്ച് വരുന്നവർക്കും അടക്കുന്ന പ്രീമിയം തുകക്ക് ജി.എസ്.ടി ഒഴിവായികിട്ടും. നേരത്തേ ചേർന്ന് പ്രതിമാസം തവണ അടക്കുന്ന സ്കീമിൽ 1000 രൂപ വീതം തവണ അടക്കുന്നയാൾക്ക് 180 രൂപ കുറച്ച് 820 രൂപ അടച്ചാൽ മതിയാകും.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) അംഗീകാരമുള്ള 24 കമ്പനികളാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നത്. 10 കമ്പനികൾ ലൈഫ് ഇൻഷുറൻസ് മേഖലയിലുമുണ്ട്. ഇരുവിഭാഗത്തിലുമുള്ള പോളിസികൾക്ക് ജി.എസ്.ടി ഒഴിവായിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താവ് പോളിസിയുടെ അടിസ്ഥാന പ്രീമിയവും അതിന് മുകളിൽ 18 ശതമാനം ജി.എസ്.ടിയും അടച്ചുവന്നിരുന്നു. 10,000 രൂപ പ്രീമിയമുള്ള പോളിസിക്ക് 11,800 അടക്കേണ്ടിയിരുന്നു. ഇനി 10,000 അടച്ചാൽ മതി.
അടിസ്ഥാന പോളിസിയോടൊപ്പം അധികമായി ചേർത്ത് വാങ്ങുന്ന ആരോഗ്യ സംരക്ഷണ പ്ലാനുകളായ റൈഡറുകൾ എന്ന് വിശേഷിപ്പിക്കുന്ന പോളിസികളും മെച്യൂരിറ്റി ബെനിഫിറ്റ് ഇല്ലാത്ത ടേം ഇൻഷുറൻസ് പോളിസികളും നികുതിരഹിതമാകും.
ഇൻഷുറൻസ് സംരക്ഷണവും സേവിങ്സ് ഘടകവും ഉൾക്കൊള്ളുന്ന എൻഡോവ്മെന്റ്, യുലിപ്സ് (യൂനിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ) തുടങ്ങിയ സേവിങ്സ് പ്ലാനുകളിൽ മുമ്പ് ജി.എസ്.ടി കാരണം നഷ്ടമാകുന്ന തുക ഇനി നഷ്ടമാകില്ല. ആ തുകകൂടി നിക്ഷേപത്തിൽ ചേർക്കുന്നതിനാൽ ഇത്തരം പോളിസികളിൽ ചേരുന്നവർക്ക് ലഭിക്കുന്ന യൂനിറ്റുകളുടെ എണ്ണം വർധിക്കുമെന്ന് എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ വിജയകൃഷ്ണൻ പറഞ്ഞു. എൽ.ഐ.സിയുടെ ഒരുകോടിയോളം രൂപയുടെ പോളിസിയായ ജീവൻ അമറിന്‍റെ വാർഷിക പ്രിമിയം 40,271 രൂപക്ക് പകരം ജി.എസ്.ടിയായ 6143 രൂപ കുറച്ച് 34,128 രൂപ അടച്ചാൽ മതിയാകും. എൽ.ഐ.സിയുടെ അമൃത്ബാൽ, യുവ ടേം, ജീവൻ ലാഭ്, ജീവൻ ഉത്സവ്, നാവ് ജീവൻ ശ്രീ, ജീവൻ ശാന്തി എന്നീ പോളിസികൾ തിങ്കളാഴ്ചമുതൽ നികുതിരഹിതമായെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ നിക്ഷേപിക്കുന്ന പെൻഷൻ പ്ലാനുകളുടെ 1.8 ശതമാനം ജി.എസ്.ടിയും ഒഴിവാക്കപ്പെടും.
ഇൻഷുറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) നഷ്ടപ്പെടുന്നതിനാൽ അവർ അടിസ്ഥാന പ്രീമിയം വർധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, മാർക്കറ്റ് മത്സരം കാരണം ഉപഭോക്താവിന് ലഭിക്കുന്ന ലാഭം 15-18 ശതമാനം എന്ന പരിധിയിൽ ആവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.