വിദ്വേഷ പ്രസംഗം: റിമാൻഡിലായ പി.സി. ജോർജ് പൂജപ്പുര ജയിലിൽ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയാണ് ജോർജിനെ റിമാൻഡ് ചെയ്തത്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയനാക്കി.

പൊലീസ് മർദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോർജിനോട് കോടതി ചോദിച്ചിരുന്നു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. അതേസമയം, പൊലീസ് പി.സി. ജോർജിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.

കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആരോഗ്യ നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. റിമാൻഡിനു ശേഷവും ആരോഗ്യ പരിശോധന നടത്തി.വാഹനത്തിനുള്ളിൽ മെഡിക്കൽ സംഘത്തെ എത്തിച്ചാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയത്.  അതേസമയം, പി.സി. ജോർജിന്റെ ജാമ്യാപേക്ഷ 10.15 ന് ​ഹൈകോടതി പരിഗണിക്കും.

ബുധനാഴ്ച അർധരാത്രിയാണ് പി.സി. ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം കളമശ്ശേരി എ.ആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. 8.30 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോയി.

നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി സി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു .

ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - Hate speech case: PC George in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.