അരിക്കൊമ്പൻ: മുതലമടയിൽ 11ന് സർവകക്ഷി ഹർത്താൽ

മുതലമട: ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാനുള്ള നീക്കത്തിനെതിരെ ഏപ്രിൽ 11ന് മുതലമട പഞ്ചായത്തിൽ സംയുക്ത ഹർത്താൽ. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി. കൽപന ദേവിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെ ജനകീയ സമരങ്ങളിലൂടെ ചെറുക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ- കർഷക സംഘടനകളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30ന് പറമ്പിക്കുളം ആനപ്പാടിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ സംയുക്ത ധർണ നടത്തും.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എട്ടംഗ ഉപ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സർവകക്ഷി യോഗം ചെയർമാനായി പി. മാധവനെയും കൺവീനറായി ആർ. ചന്ദ്രനെയും തെരഞ്ഞെടുത്തു. അരിക്കൊമ്പനെ തടയുന്നത് സംബന്ധിച്ച് ആവശ്യമായ നിയമനടപടി കൈക്കൊള്ളാനും ജനങ്ങളോടൊപ്പം നിന്ന് മറ്റു നടപടി സ്വീകരിക്കാനും മുതലമട പഞ്ചായത്ത് പ്രസിഡന്റിന് സർവകക്ഷി യോഗം നിവേദനം നൽകി.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ്, സി.പി.ഐ, മുസ്‍ലിം ലീഗ്, ജനതാദൾ, കേരള കോൺഗ്രസ്, കർഷക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Harthal in muthalamada over arikomban issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.