കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതിക്കായി വീണ്ടും തെരുവിലേക്ക്. നീതിക്കായി വർഷങ്ങൾ സമരം ചെയ്തിട്ടും സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം വൈകുന്നതാണ് ഹർഷിനയെ വീണ്ടും സമരപ്പന്തലിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. മാത്രമല്ല, പ്രതികളുടെ വിചാരണക്ക് ഹൈകോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുകയും ചെയ്തു.
വൈകുന്ന നീതി അനീതിയാണ് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന സത്യാഗ്രഹ സമരം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രതികളുടെ വിചാരണക്ക് സ്റ്റേ ലഭിച്ചത് സർക്കാറിന്റെ അലംഭാവം മൂലമാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. പി.വി. അൻവറും സമരത്തിൽ പങ്കെടുത്തു.
നീതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് ഹർഷിനയുടെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. പിഴവ് മെഡിക്കൽ കോളജ് അധികൃതരുടെതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.