കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത്‌ ആറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സി. സുശീലയും പി.വി. ഭവാനിയും പണം രാജീവന് കൈമാറുന്നു

വീട്ടുമാലിന്യത്തിൽ നിന്ന് കിട്ടിയത് അരലക്ഷം രൂപ! ഉടമസ്ഥന് തിരികെ നൽകി ഹരിതകര്‍മ സേന

കാഞ്ഞങ്ങാട്: വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യത്തിൽനിന് ലഭിച്ച അരലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങൾ മാതൃകയായി. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത്‌ ആറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സി. സുശീലയും പി.വി. ഭവാനിയുമാണ് പണം തിരികെ നൽകിയത്. കുളങ്ങാട്ടെ രാജീവന് വീട് പണിയാനായി പഞ്ചായത്തില്‍ നിന്നും ലഭിച്ച പണമായിരുന്നു ഇത്. വീടിന് അടച്ചുറപ്പില്ലാത്തതിനാൽ സുരക്ഷിതമെന്ന് കരുതി വീടിന് പുറത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ സൂക്ഷിച്ചതായിരുന്നു. ഇത് അബദ്ധത്തിൽ ഹരിതകർമസേനക്ക് കൈമാറുകയായിരുന്നു.

വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സുശീലയും ഭവാനിയും തരംതിരിക്കുന്നതിനിടെ, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോൺ വന്നു. കൂലിപ്പണിക്കാരനായ രാജീവൻ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. തുടർന്ന് മാലിന്യം മുഴുവൻ അരിച്ചുപെറുക്കിയ ഇരുവരും പണം കണ്ടെത്തുകയായിരുന്നു. വിവരം ഉടമയെ വിളിച്ച് അറിയിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാറി.

മന്ത്രി അഭിനന്ദിച്ചു

പണം തിരിച്ചേൽപ്പിച്ച സുശീലയേയും ഭവാനിയേയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. 50രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മസേനാംഗങ്ങളെ ആക്ഷേപിക്കാൻ ശ്രമിച്ച കാലമാണിത്‌. അരലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ അവരെ തോല്‍പ്പിച്ചു. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവരെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പിൽനിന്ന്:

സുശീലയെയും ഭവാനിയെയും ഞാൻ അഭിമാനപൂര്‍വം പരിചയപ്പെടുത്തട്ടെ. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇവര്‍ ഇരുവരും. മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സത്യസന്ധതയ്ക്ക്, ഇവര്‍ ഇരുവരെയും സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയാണ്.

വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ്, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോൺ വരുന്നത്. കൂലിവേലക്കാരനായ രാജീവൻ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി, ഒടുവില്‍ അരലക്ഷം രൂപ ഇവര്‍ കണ്ടെത്തുകയായിരുന്നു. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാറി.

അൻപത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മസേനാംഗങ്ങളെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ, അൻപതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിക്കുകയാണ്. മാലിന്യം ശേഖരിച്ച് മാത്രമല്ല, എല്ലാ രീതിയിലും നാടിനായി സേവനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് ഇവര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവര്‍. കേരളത്തിന്‍റെ ഈ ശുചിത്വ സേനയെ ചേര്‍ത്തുപിടിക്കാനും സഹായമുറപ്പാക്കാനും സമൂഹമാകെ രംഗത്തിറങ്ങണം. സുശീലയെയും ഭവാനിയെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു...

Tags:    
News Summary - Haritha karma Sena returns Rs 50000 from garbage to the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.