ന​വ​ജാ​ത ശി​ശു​വി​ന് ര​ക്ഷ​ക​നാ​യി മാ​റി​യ അ​റ്റ​ൻ​ഡ​ർ അ​നി​ൽ കു​ഞ്ഞു​മാ​യി

കുഞ്ഞുകരച്ചിൽ തുണയായി; ജീവിതത്തിലേക്ക് തിരിച്ചെത്തി നവജാതശിശു

ഹരിപ്പാട്: ജന്മം നൽകിയ മാതാവിന്റെ ക്രൂരതയിൽനിന്ന് പിഞ്ചുകുഞ്ഞിനെ ആശുപത്രി ജീവനക്കാരുടെ ‘ദൈവത്തിന്റെ കൈകൾ’ രക്ഷിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച തൊട്ടടുത്ത നിമിഷം അമ്മ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലെ മൺതിട്ടയിലേക്ക് വീണ പെൺകുഞ്ഞ് സുരക്ഷിതയായത്.

വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിയാണ് പ്രസവവിവരം മറച്ചുവെച്ച് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ശക്തമായ വയറുവേദനയെത്തുടർന്ന് യുവതിയെ പിതാവും സഹോദരങ്ങളും ആശുപത്രിയിൽ എത്തിച്ചത്. ആർത്തവസംബന്ധമായ വേദനയെന്നാണ് ഡോക്ടർമാരോടും വീട്ടുകാരോടും പറഞ്ഞത്. യുവതി പൂർണഗർഭിണിയാണെന്ന് വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ, ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്ന് കുഞ്ഞിന്റെ നേർത്ത കരച്ചിൽ ജീവനക്കാർ കേട്ടു.

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അറ്റൻഡർ അനിലും മറ്റു ജീവനക്കാരും ടവലുകളുമായി ഓടിയെത്തി. ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ ഇരുമ്പ് കമ്പികൾക്കിടയിൽനിന്ന് അനിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് കുതിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്സിങ് ഓഫിസർ നിഷ എന്നിവരുടെ നേതൃത്വത്തിൽ അത്യാഹിത വിഭാഗത്തിലെ മറ്റു ജീവനക്കാരും ഒത്തുചേർന്നതോടെ കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടി. പൊലീസ് കാവലിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Haripad Taluk Hospital staff rescued newborn baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.