ബി.ജെ.പി പ്രവർത്തകൻ തലശ്ശേരി ഗോപാലപ്പേട്ടയിലെ സുനേഷിന്റെ വീട്ടിൽ കണ്ടെത്തിയ റീത്ത്

ഹരിദാസൻ വധക്കേസ്: പ്രതിയുടെ വീട്ടിൽ റീത്തും ചന്ദനത്തിരികളും

തലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസ് വധക്കേസിലെ പ്രതിയായ ബി.ജെ.പി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ എം. സുനേഷ് എന്ന മണിയുടെ സുനേഷ് നിവാസിന്റെ വരാന്തയിലാണ് തിങ്കളാഴ്ച അർധരാത്രി റീത്തും ചന്ദനത്തിരികളും കണ്ടെത്തിയത്.

പുന്നോൽ ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതിയാണ് സുനേഷ്. കേസിൽ അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്. വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരാണ് റീത്ത് കൊണ്ടുവെച്ചതെന്ന് വ്യക്തമല്ല. പ്രദേശത്ത് സംഘർഷമുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകി.

മൂന്നാം പ്രതിയായ സുനേഷാണ് ഹരിദാസൻ സഞ്ചരിക്കുന്ന വഴിയും സമയവും സംഭവദിവസം കൊലയാളിസംഘത്തെ അറിയിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ബി.ജെ.പി ബൂത്ത് പ്രസിഡന്റാണ് ഇയാൾ. വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് റീത്ത് വെച്ചത് ശ്രദ്ധയിൽപെട്ടത്.

റീത്ത് വെച്ചത് സി.പി.എം സംഘമാണെന്നും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ഇവർ മനഃപൂർവം സംഘർഷത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Tags:    
News Summary - Haridasan murder case: Wreath and sandalwood candles in house of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.