കൊച്ചി: കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ. സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണിത്. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തികൾ സന്തോഷമുള്ളവരാകുന്നതിലൂടെ കുടുംബത്തിൽ സന്തോഷം ഉണ്ടാക്കുക, അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലം മുതലാണ് പദ്ധതിയുടെ നടത്തിപ്പ്. കേന്ദ്ര സർക്കാറിന്റെ പ്രോഗ്രസീവ് ഡവലപ്മെന്റ് ഇൻഡക്സിൽ ഒന്നാമതുള്ള കേരളം തന്നെയാണ് ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗമടക്കമുളള കാര്യങ്ങളിലും ഏറെ മുന്നിൽ. ഇതിനൊരു പരിഹാരവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘ഹാപ്പികേരളം’ പദ്ധതി നടത്തിപ്പിനായി ആദ്യ ഘട്ടത്തിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത് 14 മാതൃക .ഡി.എസുകളെയാണ്. മുളവുകാട്, ആമ്പല്ലൂർ, രാമമംഗലം, തിരുവാണിയൂർ, എടവനക്കാട്, കുന്നുകര, മലയാറ്റൂർ, മുടക്കുഴ, കുമ്പളങ്ങി, കവളങ്ങാട്, വെങ്ങോല, വാളകം, ചിറ്റാറ്റുകര, ആലങ്ങാട് എന്നിവയാണവ. ഈ സി.ഡി.എസുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഓരോ വാർഡുകളിലാണ് ‘ഇട’ങ്ങളുടെ രൂപീകരണം. വെങ്ങാല പഞ്ചായത്തിൽ തുടക്കമിട്ട് കഴിഞ്ഞു. വ്യാഴാഴ്ച രാമമംഗലത്തും തുടർദിവസങ്ങളിൽ മറ്റ് സി.ഡി.എസിലും രൂപവത്കരണം നടക്കും.
കുടുംബങ്ങളുടെ സന്തോഷത്തിന് തടസ്സമായി നിൽക്കുന്നതെന്താണോ അത് കണ്ടെത്തി പരിഹരിക്കലാണ് ‘ഇട’ങ്ങളുടെ ലക്ഷ്യം. വാർഡുകളിലൊരുങ്ങുന്ന ഇടങ്ങളിൽ 20 മുതൽ 40 വരെ കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. ഇത്തരം വാർഡുതല കൂട്ടായ്മകളിൽ കുടുംബങ്ങളുടെ സന്തോഷസൂചിക കണ്ടെത്താൻ പ്രത്യേക പ്രവർത്തനങ്ങളും പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരെയും തയ്യാറാക്കിയിട്ടുണ്ട്. സി.ഡി.എസ് തലത്തിൽ പത്ത് പേർക്കും ജില്ലയിൽ 14 സി.ഡി.എസിലേക്കായി 140 പേർക്കും പരിശീലനം നൽകിയിട്ടുണ്ട്. ഇവർക്കായി ജില്ലതലത്തിൽ എടത്തല, കീഴ്മാട് എന്നിവിടങ്ങളിലായി ആറ് ദിവസത്തെ സഹവാസ ക്യാമ്പും നടത്തിയിരുന്നു. കൂടാതെ 10 ജില്ലതല റിസോഴ്സ് പേഴ്സൺമാരുമുണ്ട്. ഇവർക്ക് സംസ്ഥാന തല പരിശീലനം ലഭിച്ചു.
പൈലറ്റ് പദ്ധതിയുടെ അവലോകനങ്ങൾക്ക് ശേഷം കൂടുതൽ സി.ഡി.എസുകളിലേക്ക് വ്യാപിപ്പിക്കാനാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംസ്ഥാന തലത്തിൽ 154 വാർഡിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുളള അണിയറ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. വ്യക്തികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന തരത്തിലാണ് ‘ഇട’ങ്ങളുടെ ക്രമീകരണമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.