തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് ഹനീഫ കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ നിര്‍ദേശം. തങ്ങള്‍ക്ക് നീതി കിട്ടിയില്ളെന്നുകാട്ടി ഹനീഫയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഹൈകോടതി കഴിഞ്ഞമാസം പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപവത്കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടന്ന കൊലപാതകക്കേസില്‍നിന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് രക്ഷിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് വന്‍വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തു.
ചാവക്കാട് തിരുവത്ര അണ്ടത്തോട് ചാലില്‍ കോയാമോന്‍െറ മകന്‍ ഹനീഫയെ (42) 2015 ആഗസ്റ്റ് ഏഴിന് രാത്രി 10ന് വീട്ടുവളപ്പില്‍വെച്ച് മാതാവിന്‍െറ മുന്നിലിട്ടാണ് പത്തംഗസംഘം കുത്തിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ ഹനീഫയെ ഐ ഗ്രൂപ്പുകാരാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ആക്ഷേപം. ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗോപപ്രതാപന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ആരോപിച്ച് ഹനീഫയുടെ മാതാവ് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പരാതി നല്‍കി.
ഗോപപ്രതാപനെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സംരക്ഷിക്കുന്നതായും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, ഗോപപ്രതാപനെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് തയാറായില്ല. മാത്രമല്ല, കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്ന മാതാവിന്‍െറ മൊഴിയും രേഖപ്പെടുത്തിയില്ല. ഇതോടെയാണ് അവര്‍ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.