ജി. സുകുമാരൻ നായർ
കോട്ടയം: ഐക്യ നീക്കവുമായി എസ്.എൻ.ഡി.പി സമീപിച്ചതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വ്യക്തമായത് കൊണ്ടാണ് പിന്മാറിയതെന്നും വിഷയത്തിൽ മറ്റാരും ഇടപെട്ടിട്ടില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംസാരിക്കാനായി തുഷാർ വെള്ളാപ്പള്ളി വരാമെന്ന് പറഞ്ഞപ്പോൾ ആലോചിച്ചു. എൻ.ഡി.എയുമായി ബന്ധമുള്ള ഒരാൾ എസ്.എൻ.ഡി.പി -എൻ.എസ്.എസ് ഐക്യവുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയമാകുമെന്ന് ഞാൻ തുഷാറിനെ അറിയിച്ചെന്നും വരേണ്ടതില്ലെന്ന് അറിയിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു.
“ഈ തീരുമാനം നടക്കാതെ പോയത് വേറെ ആരുടേയോ ഇടപെടലുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെയല്ല, എന്‍റെ അനുഭവം ഡയറക്ടർ ബോർഡിനോട് പറയുകയും ബോർഡ് ഏകകണ്ഠമായി ഐക്യം വേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. വേറെ ഇടപെടൽ ഇല്ലെന്ന് എനിക്ക് വ്യക്തമാണ്. ഒരു സഹോദര സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തേക്കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ മോശമായി സംസാരിച്ചത് ശരിയായില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അതറിഞ്ഞപ്പോഴാണ് ഐക്യം വേണമെന്ന ആവശ്യവുമായി അദ്ദേഹം വന്നത്. 21ന് നേതൃയോഗം കൂടുന്നുണ്ട്, അതിൽ തീരുമാനമെടുത്ത ശേഷം സംസാരിക്കാമെന്ന് പറഞ്ഞു.
സംസാരിക്കാനായി തുഷാർ വെള്ളാപ്പള്ളി വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചു. തുഷാർ ഫോണിൽ വിളിച്ചു. അൽപം കഴിഞ്ഞ് എൻ.ഡി.എയുമായി ബന്ധമുള്ള ഒരാൾ എസ്.എൻ.ഡി.പി -എൻ.എസ്.എസ് ഐക്യവുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയമാകുമെന്ന് ഞാൻ തുഷാറിനെ അറിയിച്ചു. അദ്ദേഹത്തോട് വരേണ്ടതില്ലെന്നും അറിയിച്ചു. അതിന്‍റെ അടുത്ത ദിവസമാണ് വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ ലഭിക്കുന്നത്. ഇതോടെ ഐക്യനീക്കത്തിൽ എന്തോ ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരാനുള്ള സാഹചര്യമുണ്ടായി. അതോടെ ഐക്യനീക്കം വേണ്ടെന്നുവെച്ചു. ബോർഡിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി. ആരും എതിർത്തില്ല.
എല്ലാ സമുദായവുമായും സ്നേഹത്തോടെയും എല്ലാ രാഷ്ട്രീയ പാർട്ടിയുമായും കൃത്യമായ അകലം പാലിച്ചും പോകണമെന്നാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. അതിന് തടസ്സമാകുന്ന എന്തെങ്കിലും നീക്കം ശരിയല്ലെന്ന് തോന്നിയതോടെ ഐക്യനീക്കം ഉപേക്ഷിച്ചു. ഐക്യനീക്കവുമായി ബന്ധപ്പെട്ട ചർച്ചയൊന്നും നടന്നിട്ടില്ല. ഐക്യ നീക്കത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വ്യക്തമായത് കൊണ്ടാണ് പിന്മാറിയത്. പത്മഭൂഷൺ കൊടുത്തതിലൊന്നും ഞങ്ങൾക്ക് ആക്ഷേപമില്ല. എന്നാൽ എല്ലാംകൂടെ ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് തോന്നി” -സുകുമാരൻ നായർ പറഞ്ഞു.
നേരത്തെ മറ്റാരോ ഇടപെട്ടതോടെയാണ് സുകുമാരൻ നായർ പിന്മാറിയതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. കേവലം നായർ-ഈഴവ ഐക്യമല്ല എസ്.എൻ.ഡി.പി മുന്നോട്ടുവെച്ചത്. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് എസ്.എൻ.ഡി.പിയുടെ ലക്ഷ്യം. ഇതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.