കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് ആരോപണവിധേയമായ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ പങ്കില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇദ്ദേഹം ഉൾപ്പെട്ടതിന് തെളിവില്ലെന്നും ഈയടിസ്ഥാനത്തിൽ നിയമപരമായ തുടർ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി. എൻ.ജി.ഒ കോൺഫെഡറേഷനിൽനിന്നോ ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തിൽനിന്നോ ജ. രാമചന്ദ്രൻ നായർ പ്രതിഫലം സ്വീകരിച്ചിട്ടില്ല. സി.എസ്.ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സർക്കാർ വിശദീകരിച്ചു.
എൻ.ജി.ഒ കോൺഫെഡറേഷന്റെ ഉപദേശകനായി ജ. രാമചന്ദ്രൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് മുന്നാക്ക സമുദായ ക്ഷേമ കമീഷൻ, മുനമ്പം ജുഡീഷ്യൽ കമീഷൻ അധ്യക്ഷനും മുൻ ആക്ടിങ് ചീഫ് ജസ്റ്റിസുമായ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ഇതിനെതിരെ അഭിഭാഷകനായ സൈജോ ഹസനാണ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.