അനന്തുവിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
തൊടുപുഴ: പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഉന്നതബന്ധങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കടക്കം പണം നൽകിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. മൂവാറ്റുപുഴ പൊലീസിന്റെ കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഇടുക്കി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹികപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഫണ്ടായും മറ്റാവശ്യങ്ങൾക്കായും പണം നൽകിയതായി അനന്തുകൃഷ്ണൻ മൊഴി നൽകിയതായാണ് വിവരം. ഇയാളെ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 1,200 പരാതികളാണ് ലഭിച്ചത്. 50 കേസുകൾ എടുത്തു. അനന്തുവിനെതിരെ കൂടുതൽ കേസുകൾ ഇടുക്കിയിലാണ്. കേസുകൾ അഡീഷനൽ എസ്.പിയുടെ നേതൃത്വത്തിൽ വിലയിരുത്തുകയാണ്. അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലെ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസുകൾ അന്വേഷിക്കും.
20 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണൻ നടത്തിയതായാണ് ലഭിക്കുന്ന പ്രാഥമികവിവരം. പരാതികളിൽ പരിശോധന പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാവൂ. അനന്തുവുമായി നടത്തിയ തെളിവെടുപ്പിൽ പലർക്കും പണം നൽകിയ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം വാങ്ങിയവരെയടക്കം ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അനന്തുകൃഷ്ണൻ തട്ടിപ്പിനായി സംസ്ഥാനമൊട്ടാകെ വലിയ ശൃംഖല ഒരുക്കിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പ്രമുഖ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, മറ്റു പ്രമുഖർ എന്നിവരെയെല്ലാം വലയിലാക്കി ഇവരിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയാണ് തട്ടിപ്പ് വ്യാപിപ്പിച്ചത്. അനന്തുകൃഷ്ണന് തനിച്ച് ഇത്ര വലിയ തട്ടിപ്പ് നടത്താൻ കഴിയുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂട്ടുപ്രതികളായി രാഷ്ട്രീയബന്ധമുള്ള പലരും ഉൾപ്പെട്ടതായി വരുന്ന വിവരങ്ങളടക്കം പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതുകൂടാതെ കേരളത്തിന് പുറത്തും അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരങ്ങളുമുണ്ട്. ഇതും അന്വേഷണപരിധിയിലാണ്.
കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നടന്ന തട്ടിപ്പിൽ പണം മറിഞ്ഞ വഴികൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. തട്ടിപ്പിലൂടെയെത്തിയ കോടികൾ സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കി പ്രതി അനന്തുകൃഷ്ണൻ മറിച്ചെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത സ്ഥാപനം കേന്ദ്രീകരിച്ച് ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. അനന്തു വ്യാപകമായി സ്വന്തം അക്കൗണ്ടിലൂടെയും അല്ലാതെയും പണം ചെലവഴിച്ചിട്ടുണ്ട്. ഇത് എവിടെയൊക്കെയാണ് എത്തിയതെന്നറിയാൻ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. വൻ തുക കൈപ്പറ്റിയവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. തട്ടിപ്പിലൂടെ സമ്പാദിച്ച ആകെ തുക, പ്രതിയുടെ ആസ്തി എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന നടക്കും. സ്വത്ത് കണ്ടുകെട്ടുന്നതടക്കം നടപടിയുണ്ടാകും. രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്ന് അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് എന്തിനാണ് പണം നൽകിയതെന്നും മറ്റെവിടെയൊക്കെ നിക്ഷേപിച്ചെന്നും കണ്ടെത്തേണ്ടതുണ്ട്.
ഇടുക്കി: അനന്തുകൃഷ്ണനിൽനിന്ന് സി.പി.എം ജില്ല കമ്മിറ്റി പണം വാങ്ങിയിട്ടുണ്ടെന്ന് പാർട്ടി ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്. ലോക്സഭ തെരഞ്ഞെടുപ്പിനുവേണ്ടിയാണ് രണ്ടരലക്ഷം രൂപ നൽകിയത്. ഏപ്രിൽ 14ന് രണ്ടരലക്ഷം രൂപ സി.പി.എമ്മിന്റെ അക്കൗണ്ടിലേക്ക് മൂലമറ്റം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുണ്ട്. ആ പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചപ്പോൾ അനന്തുകൃഷ്ണൻ എന്നാണ് പറഞ്ഞത്. അനന്തുകൃഷ്ണന്റെ ഒരുപരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതാണ് സി.പി.എമ്മിന് ഇയാളുമായുള്ള ബന്ധം. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.