കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരം കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. ഇ.ഡിയുടെ കൊച്ചി യൂനിറ്റാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്.
രാഷ്ട്രീയ നേതാക്കളെയടക്കം മറയാക്കി കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നേതൃത്വത്തിൽ ആസൂത്രിതമായി നടന്ന വൻ തട്ടിപ്പിനെക്കുറിച്ച് പൊലീസ് നടത്തിവരുന്ന അന്വേഷണത്തിന് സമാന്തരമായി ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെയും തട്ടിപ്പിന് പ്രധാനമന്ത്രിയുടെ ചിത്രംവരെ ദുരുപയോഗം ചെയ്തെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. കേസ് അന്വേഷിക്കുന്ന പൊലീസിൽനിന്ന് ഇ.ഡി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തശേഷം കേസെടുത്താൽ മതിയെന്ന നിർദേശമാണ് നേരത്തേ ഡൽഹിയിലെ ആസ്ഥാനത്തുനിന്ന് ഇ.ഡിക്ക് ലഭിച്ചിരുന്നത്. എന്നാൽ, തട്ടിപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ വ്യാപകമായി നടന്നെന്ന നിഗമനത്തെത്തുടർന്നാണ് തിരക്കിട്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസ് ചുമത്തിയ വഞ്ചനാ കുറ്റത്തിന്റെ ചുവടുപിടിച്ചാകും ഇ.ഡിയുടെ അന്വേഷണം. തട്ടിപ്പിന്റെ വ്യാപ്തിയും ആളുകളിൽനിന്ന് പിരിച്ചെടുത്ത പണം ഏതെല്ലാം രീതിയിൽ ചെലവഴിച്ചു എന്നുമായിരിക്കും പ്രധാനമായും അന്വേഷിക്കുക.
കണ്ണൂരിൽ ഹെൽപ് ഡെസ്ക് തുടങ്ങി കോണ്‍ഗ്രസ്
കണ്ണൂര്‍: സി.എസ്.ആര് ഫണ്ടിന്റെ മറവില്‍ ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുമടക്കം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമസഹായവുമായി കോണ്‍ഗ്രസ്. കണ്ണൂർ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഹെൽപ് ഡെസ്കില്‍ 250ലധികം പേരാണ് പരാതിയുമായെത്തിയത്. ലോയേഴ്സ് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. കെ.വി. മനോജ്കുമാര്‍, അഭിഭാഷകരായ സോനാ ജയരാമന്, ആശ വിശ്വന്, പ്രീത, കെ. ശശീന്ദ്രന്, ജെ. ഷാജഹാന്, അബ്ദുൽ വാജിദ് എന്നിവരാണ് പരാതി സ്വീകരിച്ചത്.
സംസ്ഥാനത്തുടനീളം നടന്ന തട്ടിപ്പില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമസഹായവുമായെത്തുന്നത്. സി.പി.എം പ്രാദേശിക നേതാവ് അമ്പന്‍ മോഹനനാണ് അനന്തുകൃഷ്ണന് ഉള്‍പ്പെട്ട തട്ടിപ്പുസംഘത്തിന് ജില്ലയില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
രാഷ്ട്രീയ നേതൃത്വങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് വ്യാപക തട്ടിപ്പ് നടത്തിയ സാഹചര്യത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നൽകേണ്ട ബാധ്യത പൊതുപ്രവര്ത്തകര്ക്കുണ്ടെന്ന തിരിച്ചറിവിലാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഹെല്പ് ഡെസ്ക് ആരംഭിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. അഡ്വ. ടി.ഒ. മോഹനൻ, അഡ്വ. വി.പി. അബ്ദുൽ റഷീദ്, ടി. ജയകൃഷ്ണൻ, മനോജ് കൂവേരി, കായക്കൽ രാഹുൽ, ശ്രീജ മഠത്തിൽ തുടങ്ങിയവരും കാര്യങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.