അ​ന​ന്തു​കൃ​ഷ്ണ​നെ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

24,163 പേർ 60,000 രൂപ വീതവും 4,035 പേർ 56,000 രൂപ വീതവും; അനന്തുവിന്റെ കെണിയിൽ വീണവരുടെ കണക്കറിയാം

മൂവാറ്റുപുഴ: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ കാൽലക്ഷത്തോളം പേരിൽനിന്ന് പണം വാങ്ങിയെന്ന് ക്രൈംബ്രാഞ്ച്. 24,163 പേരിൽനിന്ന് 60,000 രൂപ വീതവും 4,035 പേരിൽനിന്ന് 56,000 രൂപ വീതവുമാണ് കൈപ്പറ്റിയത്. ആകെ 28,198  പേരാണ് പണം കൈമാറിയത്. 

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങളുള്ളത്. ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ച് അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകി.

അനന്തുവിന്‍റെ സോഷ്യൽ ബി വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളിലെ ഉള്ളടക്കം കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനന്തുവിന് 21 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകൾ വഴി 143.5 കോടി വന്നു. അനന്തുവിന്‍റെ കീഴിൽ കടവന്ത്രയിൽ പ്രവർത്തിച്ചിരുന്ന സോഷ്യൽ ബി വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടിയാണ് എത്തിയത്. ഈ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു.

ലാലി വിൻസെന്റിന്റെ പങ്കാളിത്തം: കോടതി റിപ്പോർട്ട് തേടി

കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻസെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോർട്ട് തേടി ഹൈകോടതി. ലാലിക്കെതിരായ മൊഴിപ്പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ലാലി നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഉത്തരവ്. ഇവരെ ഏഴാം പ്രതിയാക്കി കണ്ണൂർ ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യപ്രതി അനന്തുകൃഷ്ണനിൽനിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിൻസെന്‍റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ, അനന്തുകൃഷ്ണന്റെ നിയമോപദേശക മാത്രമായിരുന്നു താനെന്നാണ് ലാലിയുടെ വാദം. കുറ്റകൃത്യത്തിൽ പങ്കാളിത്തം പരിശോധിച്ച് വെള്ളിയാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം.

Tags:    
News Summary - half price scam ananthu krishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.