പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, ചുമതല എ.ഡി.ജി.പിക്ക്

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്വേഷണം എ.ഡി.ജി.പിക്കാണ്. 

സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പണമിടപാടുകൾ. 34,000ത്തിലധികം പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. പല എം.എൽ.എ മാരുടെയും നിരവധി എൻ.ജി.ഒകളുടെയും ഓഫിസ് കേന്ദ്രീകരിച്ച് പണം ശേഖരിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ആനന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണൻ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തുകൃഷ്ണൻ മൊഴിയിൽ പറയുന്നു.

അതിനിടെ, കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ​പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരവും താൻ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. സംസ്ഥാനത്ത് ഏതാണ്ടെല്ലാ ജില്ലകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ ഒരു എം.എൽ.എക്ക് ഏഴ് ലക്ഷം രൂപ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം.പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണായക മൊഴി നൽകിയത്. സി.വി. വർഗീസും തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Half Price Fraud Case; The order was issued leaving the investigation to the crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.