ഹജ്ജ് സർവിസ്: കോഴിക്കോട് വിമാനത്താവളത്തോട് കടുത്ത വിവേചനമെന്ന് പി.എം.എ സലാം

കോഴിക്കോട്: മറ്റെല്ലാ മേഖലകളിലുമെന്നപോലെ ഹജ്ജ് സർവിസിന്റെ കാര്യത്തിലും കാലിക്കറ്റ് എയർപോർട്ടിനോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും ക്രൂരതക്കുമെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽനിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കലിക്കറ്റിലേത് 1,65,000 രൂപയാണ്. ഇത് കടുത്ത വിവേചനം തന്നെയാണ്. എയർ ഇന്ത്യയടക്കം കൂട്ടുനിന്നു നടത്തുന്ന ഈ കൊള്ള തടയേണ്ടതുണ്ട്. ചുരുങ്ങിയ നിരക്കിൽ സർവിസ് നടത്താൻ തയാറായ സൗദി എയർലൈൻസടക്കമുള്ളവയെ തള്ളിക്കൊണ്ടാണ് എയർഇന്ത്യയുടെ പകൽ കൊള്ളക്ക് അധികൃതർ കൂട്ടുനിന്നത്.

കേരളത്തിൽനിന്ന് ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ടെൻഡറിലെ അട്ടിമറി നടന്നതെന്ന വാർത്ത ഏറെ ഗൗരവമുള്ളതാണ്. കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയും.

കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78 ശതമാനം പേരും തെരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹാജിമാർക്ക്മാത്രം 80,000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‍ലിം ലീഗ് രംഗത്ത് വരും.

മുസ്‍ലിം ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും പി.എം.എ സലാം അറിയിച്ചു.

Tags:    
News Summary - Hajj Service: PMA Salam says that discrimination against Kozhikode airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.