കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി നടത്തിയ ചർച്ചക്ക് ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയാണ് തീരുമാനം അറിയിച്ചത്.
നേരത്തെ പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം കൊച്ചി ജൂലൈ നാല് മുതലുള്ള ഒന്നാം ഘട്ടത്തിലും കരിപ്പൂർ ജൂലൈ 21 മുതൽ രണ്ടാംഘട്ടത്തിലുമായിരുന്നു. ഇക്കുറി കേരളത്തിൽ നിന്നുള്ള മുഴുവൻ തീർഥാടകരും നേരിട്ട് മദീനയിലേക്കാണ് പുറപ്പെടുകയെന്ന പ്രത്യേകതയുമുണ്ട്.
മുൻവർഷങ്ങളിൽ രണ്ടാംഘട്ടത്തിൽ ജിദ്ദ വഴി മക്കയിലേക്കായിരുന്നു പുറെപ്പട്ടിരുന്നത്. പിന്നീട് ഹജ്ജിന് ശേഷം മദീന സന്ദർശനം നടത്തി അവിടെ നിന്ന് മടങ്ങുന്ന രീതിയായിരുന്നു വർഷങ്ങളായി കേരളത്തിന് അനുവദിച്ചിരുന്നത്. ഇത്തവണ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കാണ് യാത്ര പുറപ്പെടുക.
വ്യോമയാന മന്ത്രാലയത്തിെൻറ ആദ്യ ടെൻഡർ പ്രകാരം കൊച്ചിയിൽ നിന്ന് മദീനയിലേക്കും കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുമായിരുന്നു. കരിപ്പൂരിന് പിറകെ ജൂലൈ ആദ്യവാരത്തിൽ കൊച്ചിയിൽ നിന്നുള്ള തീർഥാടകരും പുറപ്പെടും. കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസും കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുമാണ് സർവിസ് നടത്തുക. തീർഥാടകരുടെ വാക്സിനേഷൻ റമദാനിന് മുമ്പ് പൂർത്തിയാക്കാൻ ശ്രമിക്കും. സാധിക്കാതെ വന്നാൽ റമദാനിന് ശേഷവും നൽകുമെന്നും ചെയർമാൻ പറഞ്ഞു.
മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒാഫിസിൽ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. മഖ്സൂദ് അഹ്മദ് ഖാനുമായി ചെയർമാൻ, കമ്മിറ്റി അംഗം മുസ്ലിയാർ സജീർ എന്നിവർ തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് എംബാർക്കേഷൻ പോയൻറ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.