പൊലീസിന്‍റെ വംശീയാതിക്രമത്തിനിരയായ ബിന്ദുവിനെ ഫ്രറ്റേണിറ്റി നേതാക്കൾ വീട്ടിലെത്തി സന്ദർശിക്കുന്നു

നെടുമങ്ങാട് ജാതി വിവേചനം: കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: പൊലീസിന്റെ ഭീകരമായ ജാതി വിവേചനത്തിനിരയായ നെടുമങ്ങാട്ടെ ദലിത് സ്ത്രീ ബിന്ദുവിനെ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, സെക്രട്ടറി സുനിൽ അട്ടപ്പാടി എന്നിവരുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ വീട്ടിൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.

കള്ളക്കേസ് ചുമത്തിയതടക്കം ബിന്ദുവിനെതിരെയുള്ള പൊലീസിന്റെ മുഴുവൻ നടപടികളും വംശീയവും ജനാധിപത്യ സമൂഹത്തിന് നിരക്കാത്തതുമാണെന്ന് ഗോപു തോന്നക്കൽ പറഞ്ഞു. കുടിവെള്ളം നൽകാതെ, വീട്ടുകാരെ അറിയിക്കുക പോലും ചെയ്യാതെ 20 മണിക്കൂർ നേരമാണ് അവരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയത്. എസ്.ഐയെ സസ്പെൻഡ് ചെയ്യുന്നതിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തേ പറ്റൂ. ഭരണകൂടത്തിന്റെയും പൊലീസിന്റെയും ദലിത്-ആദിവാസി-മുസ്‌ലിം വിരുദ്ധ വംശീയതയെ വിദ്യാർഥി യുവജനങ്ങളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രതിരോധിക്കും.

'കേരളത്തിലെ പൊലീസ് ആക്രമണങ്ങളും ഭരണകൂട വംശീയതയും' എന്ന തലക്കെട്ടിൽ വംശീയ നിയമവാഴ്ചക്കെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി ഈമാസം 24ന് സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 10ന് പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്നും ഗോപു തോന്നക്കൽ അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം ഭരണകൂട-പൊലീസ് അതിക്രമങ്ങൾക്കും വംശീയതക്കും ഇരയായ ആളുകളും സംഗമത്തിൽ അണിനിരക്കും.

Tags:    
News Summary - Guilty policemen should be punished - Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.