കൊച്ചി: രാജ്യത്ത് ജി.എസ്ടി നടപ്പിലാക്കി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷം ചൊവ്വാഴ്ച തിരുവനന്തപുരത്ത്. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ വൈകുന്നേരം നാലിന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നടൻ മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രം ചടങ്ങില്‍ സമ്മാനിക്കുമെന്ന് സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമീഷണര്‍ എസ്.കെ റഹ്മാന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ മികച്ച പ്രകടനത്തിന് തിരുവനന്തപുരം സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സി.ബി.ഐ.സി) മികച്ച സി.ജി.എസ്.ടിയായി തെരഞ്ഞെടുത്തിട്ടുണ്ട്.
ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷകളില്‍ 55 ശതമാനത്തിലും ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചതിനും അപ്പീലുകളിൽ 83 ശതമാനവും പരിഹരിച്ചതിനുമാണ് അവാര്‍ഡ്. നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസം ജി.എസ്.ടി സമാഹരണത്തില്‍ 18 ഉം സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ 14 ഉം ശതമാനം വര്‍ധനയുണ്ട്.
2024-2025 ല്‍ ആദ്യ രണ്ടു മാസത്തെ ജി.എസ്.ടി സമാഹരണം 3238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4433 കോടിയുമായിരുന്നു. ഈ വർഷം ജി.എസ്.ടി 3826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5056 കോടിയുമായി ഉയര്‍ന്നു.
2024-2025 ൽ ആകെ ജി.എസ്.ടി വരുമാനം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.