എട്ട് മണിക്കൂറിനകം 4000 ജീവനക്കാരെ സ്ഥലംമാറ്റി ജി.എസ്.ടി

തൃശൂർ: എട്ട് മണിക്കൂറിനുള്ളിൽ 4000ത്തിലധികം ജീവനക്കാരെ പുനർവിന്യസിച്ച് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് (ജി.എസ്.ടി) പുതുചരിതം കുറിച്ചു. കഴിഞ്ഞ 11ന് രാത്രി തുടങ്ങിയ നടപടി 12ന് പുലർച്ചെയാണ് അവസാനിച്ചത്. ജനുവരി പത്തിന് ജി.എസ്.ടി പുനഃസംഘടന പ്രാബല്യത്തിൽ വന്നുവെങ്കിലും ജീവനക്കാരുടെ പുനർവിന്യാസം ഉദ്യോഗസഥ വിഴുപ്പലക്കലിൽ വഴിമുട്ടിയിരുന്നു. ഇക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ 11ന് രാത്രി എട്ടോടെ ഉയർന്ന തസ്തികകളായ അഡീഷണൽ കമീഷണർ, ജോയൻറ് കമീഷണർ തസ്തികകളിലും അടുത്ത റാങ്കിലുള്ള 38 തസ്തികകളിലും അടക്കം 41 പേരുടെ സ്ഥലംമാറ്റ ഉത്തരവ് ആദ്യമിറക്കി.

ശേഷം അർധരാത്രിക്ക് പിന്നാലെ ഏഴ് ഉത്തരവുകളിലായി ബാക്കി മുഴുവൻ ജീവനക്കാരെയും പുനർവിന്യസിച്ച് ഉത്തരവിറക്കുകയും ചെയ്തു.

12ന് പുലർച്ചെ 2.30 ഓടെയാണ് ഇത് പൂർത്തിയാക്കിയത്. വിരമിക്കുവാൻ രണ്ടുവർഷത്തിൽ താഴെ കാലാവധിയുള്ള ജീവനക്കാരെ ഓഡിറ്റ് വിഭാഗത്തിൽ നിയമിക്കാൻ പാടില്ല എന്ന പ്രഖ്യാപിത തത്വം ഈ അതിവേഗ ബഹുദൂര ഉത്തരവിറക്കലിൽ അട്ടിമറിക്കപ്പെട്ടു. വിരമിക്കുവാൻ ആറു മാസത്തിൽ താഴെ സമയപരിധിയുള്ളവരെ പോലും വിദൂരസ്ഥലങ്ങളിലേക്ക് ചട്ടവിരുദ്ധമായി നിയമിച്ചതായും ജീവക്കാർക്ക് ആക്ഷേപമുണ്ട്. ഇതിനെതിരെ വിവിധ സർവിസ് സംഘടനകൾ നികുതി കമീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.

തെറ്റുകുറ്റങ്ങൾ പരിഹരിച്ച് പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കാമെന്ന് കമീഷണർ ഉറപ്പ് നൽകിയെന്ന് സംഘടന നേതാക്കൾ വ്യക്തമാക്കി. ജനുവരി 10ന് മുമ്പ് പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ രണ്ടുദിവസം പിന്നിട്ട് ധിറുതിപ്പെട്ട് ഇറക്കിയതാണ് കാര്യങ്ങൾ അവതാളത്തിലാവാൻ കാരണം.

അതുകൊണ്ടുതന്നെ പുനഃസംഘടന പ്രാബല്യത്തിലായി നാലുദിവസം പിന്നിട്ടിട്ടും ഓഫിസുകളിൽ മുഴുവൻ ജീവനക്കാർക്ക് എത്താനായിട്ടില്ല. അതേസമയം പുനഃസംഘടന സംബന്ധിച്ച നടപടികൾ ഏതാണ്ട് ഒരു വർഷത്തോളമായി തുടങ്ങിയെങ്കിലും ഓഫിസുകളിൽ പുർണമായി പശ്ചാത്തല സൗകര്യം ഒരുക്കാനുമായിട്ടില്ല.

Tags:    
News Summary - GST transferred 4000 employees within eight hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.