തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കം നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്ക് ഇടയാക്കുന്ന തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി.എസ്.ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്. ഇതു ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
കടയിലെ തിരക്കു കുറക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വെക്കുന്നത് കേരളത്തിലെ ചെറുകടകളിൽ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിത്യോപയോഗ വസ്തുക്കൾക്ക് വില വർധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിനു ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്.ടി യോഗങ്ങളിൽ വ്യക്തമാക്കിയതാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാൻ ഉടൻ ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.