പുത്തുമലയിലെ പൊതുശ്മശാന ഭൂമി

'സെമിത്തേരി, ഖബറിസ്ഥാൻ, ശ്മശാനം എന്നിങ്ങനെ എല്ലാ പേരിലും അറിയപ്പെടുന്ന ഒരിടം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല'

വയനാട് : 'സെമിത്തേരി എന്നും ഖബറിസ്ഥാൻ എന്നും ശ്മശാനം എന്നിങ്ങനെ എല്ലാം പേരിലും അറിയപ്പെടുന്ന ഒരിടം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല...' മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടു വർഷം തികയുന്ന വേളയിൽ, ദുരന്തഭൂമി സന്ദർശിച്ച സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ മമ്മൂട്ടി അഞ്ചുകുന്ന് പങ്കുവെച്ച ഹൃദയം തൊടുന്ന വാക്കുകളാണിത്.

മഹാദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഭൂരിഭാഗം പേരും അന്തിയുറങ്ങുന്ന പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ സർവ്വമത പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ മനുഷ്യരുടെ നോവുന്ന കാഴ്ചകൾ അദ്ദേഹം ഓർത്തെടുക്കുന്നു. ദുരന്തത്തിൽ വേർപിരിഞ്ഞുപോയ മൂന്ന് പിഞ്ചുമക്കളുടെ ഓർമ്മയിൽ, അവർക്കായി ഇപ്പോഴും കളിപ്പാട്ടങ്ങളും മിഠായികളും വാങ്ങി പുത്തുമലയിലെ ഫലകത്തിന് മുന്നിൽ കൊണ്ടുവെക്കുന്ന അനീഷ്-സയന ദമ്പതികളുടെ ആരും തകർന്നുപോകുന്ന ജീവിതസാഹചര്യം ഫേസ്ബുക്ക് കുറിപ്പിൽ വരച്ചുകാട്ടുന്നുണ്ട്.

വർഷങ്ങൾക്കിപ്പുറവും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകാത്ത മനുഷ്യരെയും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. പ്രാർത്ഥനാ സംഗമത്തിനെത്തിയ റസാഖ്ക്കയെപ്പോലുള്ളവരുടെ ഇടറുന്ന വാക്കുകളും, ദുരന്തത്തിന് ശേഷം താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്കും വാടകവീടുകളിലേക്കും ചിതറിപ്പോയ നാട്ടുകാരുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതവും കുറിപ്പിലൂടെ തുറന്നുകാട്ടുകയാണ്. 'രണ്ടു കൊല്ലമായി കാര്യമായ വിശേഷങ്ങളൊന്നുമില്ല' എന്ന് പറഞ്ഞ് മടങ്ങുന്ന ഗ്രാമീണരുടെ വാക്കുകൾ ദുരന്തം ശേഷിപ്പിച്ച ആഴത്തിലുള്ള മുറിവുകളുടെ തെളിവായി മാറുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ കാണുന്ന ചിത്രം ഏതെങ്കിലും മൈതാനത്ത് വാഹനങ്ങൾ നിരയായി നിർത്തിയതിന്റെ ആകാശ ദൃശ്യമല്ല.

ഒരു ഖബറിടമാണത്.

ഇന്നലെ വീണ്ടുമൊന്നു കൂടി ചൂരൽ മലയിലും മുണ്ടക്കൈയിലും പോയിരുന്നു. രണ്ടു വർഷമായി മഹാദുരന്തം നടന്നിട്ട്. ആ ദുരന്തത്തിൽ മരണപ്പെട്ട മനുഷ്യരിൽ ഭൂരിപക്ഷം പേരും അന്തിയുറങ്ങുന്ന പുത്തുമല ശ്മശാന ഭൂമിയിലെ ഉള്ളുലക്കുന്ന ഒരു ദൃശ്യമാണ് ചിത്രത്തിലുള്ളത്.

ജാതി മത ഭേദമന്യേ അവിടെ ഇരുന്നുറോളം മനുഷ്യർ ഒന്നിച്ചുറങ്ങുന്നുണ്ട് . രാവിലെയായിരുന്നു പുഷ്പാർച്ചനയും പ്രാർത്ഥനകളും , മന്ത്രിമാർ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, ഒപ്പം ദുരന്തം ബാക്കിയാക്കിയ ഒട്ടേറെ മനുഷ്യരും. അവിടെ എല്ലാവരും തിരുസൂക്തങ്ങൾ ചൊല്ലി പ്രാർത്ഥിച്ചു.

നല്ല ചാറ്റൽ മഴ നൂല് പോലെ പെയ്തു കൊണ്ടേയിരിന്നു.

അവരവരുടെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങൾക്ക് മുമ്പിൽ നിന്ന് ഒട്ടേറെ മനുഷ്യർ പ്രാർത്ഥിക്കുന്നു, കണ്ണീർ വാർക്കുന്നു. ചിലർ ചിലരെ ആശ്വസിപ്പിക്കുന്നു.ഞാനൊന്നു ചുറ്റുംനോക്കി. അറിയുന്ന ഒരുപാട് പേരുണ്ട്. റംലത്തിന്റെ ഖബ്റിനടുത്ത് ഏറെ നേരം കണ്ണും മുഖവും നനച്ചു ഒരു കുട ചൂടി സഹോദരി ബുഷറ നിൽക്കുന്നുണ്ട്.

അപ്പുറത്ത് മണിയും താഴോട്ട് നോക്കി നിൽക്കുന്നു. തൊട്ടപ്പുറത്ത് ആരൊക്കെയോ ചന്ദനത്തിരി കത്തിക്കുന്നു.

അതിനും അപ്പുറം വിശാലമായ ഫലകം രണ്ടു രണ്ടര മീറ്റർ നീളവും വീതിയും ഉണ്ടതിന് , അതിൽ നാല് മനുഷ്യർ ഉറങ്ങുന്നതായി കുത്തനെ നാട്ടിയ ഫലകത്തിൽ എഴുതിയിട്ടുണ്ട്.

അമ്മമ്മയും മൂന്ന് പേരക്കുട്ടികളും

ഒൻപത് വയസുള്ള നിവേദ്

ഏഴ് വയസുള്ള ധ്യാൻ

നാണം കുണുങ്ങിയ ചിരിയോടെ മൂന്നര വയസ്സുള്ള ഇഷാൻ..

സയനയുടെയും അനീഷിന്റെയും കുഞ്ഞുങ്ങളാണ്. അവർ രണ്ടു പേരും ഇപ്പോഴും മക്കൾ പോയി എന്ന് ഉൾക്കൊണ്ടിട്ടില്ല. അവരുടെ മൂന്ന് പിഞ്ചോമനകളുടെ ഓർമ്മകളിൽ മാത്രമാണ് ഇപ്പോൾ അവരുടെ ജീവിതം. ഓർമ്മകളെ താലോലിച്ചു മാത്രം മനുഷ്യർ ജീവിക്കുന്നത് കഥകളിൽ വായിച്ചിട്ടേയുള്ളൂ. പിന്നെ ഭ്രാന്തമായ ഭാവനയിൽ മാത്രമേ അത് സാധ്യമാകൂ. എന്നാൽ രണ്ടു വർഷമായി അങ്ങനെ ജീവിച്ചു കാണിക്കുകയാണ് അനീഷും സയനയും. അവർ എവിടെയെങ്കിലും പോയി വരുമ്പോൾ ഇപ്പോഴും കുട്ടികൾക്കു ചോക്ലേറ്റ് വാങ്ങും, കളിപ്പാട്ടം വാങ്ങും, കളിവണ്ടികൾ വാങ്ങും. പേനയും പെൻസിലും വാങ്ങും, കളറുകൾ വാങ്ങും. അമ്മക്ക് മുറുക്കാൻ വാങ്ങും. എന്നിട്ട് നേരെ പുതുമലയിൽ അവർ അന്തിയുറങ്ങുന്ന ഇടത്ത് കൊണ്ടു പോയി കൊടുക്കും. പിറ്റേന്നും പിറ്റേന്നും എല്ലാം അങ്ങനെ തന്നെ. ഇന്നലെ അവർ കൊണ്ടു വന്നു വെച്ച കളിപ്പാട്ടങ്ങളാണ് ചിത്രത്തിൽ. അവിടെ തന്നെയായിരുന്നു ഇന്നലെ മന്ത്രിമാരും നേതാക്കളും ഔദ്യോഗികമായി പുഷ്പാർച്ചന നടത്തിയത്.

സർവ്വ മത പ്രാർത്ഥനയിൽ മനുഷ്യർ ഒട്ടാകെ വിതുമ്പുമ്പോൾ ഞാൻ ആ ശ്മശാന ഭൂമിയിലേക്ക് നോക്കുകയായിരുന്നു. സെമിത്തേരി എന്നും ഖബറിസ്ഥാൻ എന്നും ശ്മാശാനം എന്നിങ്ങനെ എല്ലാം പേരിലും അറിയപ്പെടുന്ന ഒരിടം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ഒരൊറ്റ ദിവസം കൊണ്ട് ഒരു ഖബറിസ്ഥാൻ ഉണ്ടാവുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. എല്ലാം ഫലകങ്ങളിലും മരണം 2024 ജൂലൈ 30 എന്ന് കൊത്തിവച്ചിരിക്കുന്നു.

അവിടെ നിന്ന് ഇറങ്ങി ചൂരൽമലയിലേക്ക് പോയി. അഅതിനപ്പുറം സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നില്ല. പോലീസ് കനത്ത കാവൽ തീർക്കുന്നു. മുണ്ടക്കൈ കാരനായ Shafeek ന്റെ അകമ്പടിയോടെ ഒരിക്കൽ കൂടി മുണ്ടക്കൈയിൽ പോയി. രണ്ടു വർഷവും മുമ്പ് ചെളിയും പാറയും മരണപർവ്വം തീർത്ത ഇടങ്ങളിൽ ഇപ്പോൾ പുൽചെടികൾ വളർന്നുയാർന്നിരിക്കുന്നു. കോടികൾ മുടക്കി കല്ലുകൾ വകഞ്ഞു മാറ്റി അധികൃതർ പുഴക്ക് പുതിയൊരു വഴി ഒരുക്കിയിരിക്കുന്നു. കീഴെ കണ്ണാടി പോലുള്ള വെള്ളം ഒഴുകിപോവുന്നു. അന്ന് സംഹാരതാണ്ഡവമാടിയ ചെളിയെയും ഓർമ്മകളെയും കഴുകിക്കഴുകി പുന്നപ്പുഴയിലൂടെ അത് ചാലിയാറിലേക്ക് പതിയെ ചെന്ന് ചേരുന്നു.

തിരികെ മേപ്പാടി എത്തിയപ്പോൾ മുണ്ടക്കൈ മഹല്ല് കമ്മറ്റി നടത്തിയ പ്രാർത്ഥനാ സംഗമത്തിലേക്ക്. അവിടെ ഹൃദയ ബന്ധമുള്ള ഒട്ടേറെ മനുഷ്യർ. കൈ തന്നും കെട്ടിപ്പിടിച്ചും കൂട്ടിപിടിച്ചും പുണർന്നും അവർ പിന്നെയും എന്നോട് ചേർന്നു.

ആ നാട്ടുകാർ ഇക്കാക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട റസാഖ്ക്ക എന്നെ ഏറെ നേരം കെട്ടിപ്പിടിച്ചു,.

" മറക്കാൻ പറ്റുന്നില്ല " ഇടറിയ ശബ്ദം കേട്ടപ്പോഴാണ് കരയുകയായിരുന്നു എന്ന് മനസ്സിലായത്.

ആ ജൂലൈ 30 ന്റെ തലേ നാൾ 29 നു മുണ്ടക്കൈ പള്ളിയിൽ അവസാനമായി നടന്ന ഇഷാ ജമാഅത്തിൽ പങ്കെടുത്ത മനുഷ്യരിൽ ബാക്കിയായ ഒരേ ഒരാൾ ഇക്കാക്കയാണ്.

ശറഫുദ്ധീൻ ഫൈസി ഉസ്താദ്, ആലികാക്കു, ശരീഫ് എല്ലാരും പോയി.

പരിപാടി കഴിഞ്ഞ് ഒരേ നാട്ടിൽ ഉണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത നാടുകളിലേക്ക് പിരിഞ്ഞു

"ഇയ്യെവുടെ? "

"ഞാൻ ടൌൺ ഷിപ്പിൽ "

ഭരണകൂടത്തിന്റെ കർത്തവ്യ നിർവ്വഹണം

" ഞാൻ ലീഗിന്റെവുടെ "

കേവലം ഒരു രാഷ്ട്രീയ അത്ഭുതകരമായ അടയാളപ്പെടുത്തൽ

" എനിക്കിത് വരെ ആയില്ല " ഇനിയും പരിഹരിക്കപ്പെടേണ്ട അനിശ്ചിതത്വം.

ആളുകളുടെ പ്രധാന വിശേഷം ഇത് മാത്രമായിരുന്നു.

കുറച്ച് പെണ്ണുങ്ങൾ ഇറങ്ങി പോവുമ്പോൾ ആരോ പറഞ്ഞു

" നബീസാത്താ ഇപ്പളേ പോവല്ലേ.. കുറച്ചൂടെ വിശേഷം പറഞ്ഞിട്ട് പൊയ്ക്കോളി "

" എന്ത് വിശേഷം മോനെ, രണ്ടു കൊല്ലായി കാര്യമായ വിശേഷം ഒന്നും ഇല്ലല്ലോ മോനെ "

അങ്ങനെ വിശേഷങ്ങളെല്ലാം രണ്ടു കൊല്ലം മുമ്പ് വറ്റിപ്പോയ കുറെ മനുഷ്യരുടെ ഇടയിൽ നിന്ന് ഞാനിറങ്ങി നടന്നു.

ഇനിയും കണ്ടു കൊണ്ടിരിക്കും എന്ന ഉറപ്പിൽ...

ജൂലൈ 30 ജനന മരണങ്ങളുടെ അക്കമാണെനിക്ക്

മരിച്ചും മറഞ്ഞും പോയ മനുഷ്യരുടെ കുറിപ്പടിയും

പറഞ്ഞു തീരാത്ത കഥകളുടെ തലക്കെട്ടും.

മമ്മൂട്ടി അഞ്ചുകുന്ന്

Tags:    
News Summary - 'സെമിത്തേരി എന്നും ഖബറിസ്ഥാൻ എന്നും ശ്മശാനം എന്നിങ്ങനെ എല്ലാ പേരിലും അറിയപ്പെടുന്ന ഒരിടം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല', "I don't know if there is a place anywhere else that is known by all the names of cemetery, graveyard, and crematorium."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.