പുഴുക്കലരി ക്ഷാമം: കേരളത്തിന്‍റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് ജി.ആര്‍. അനില്‍

തിരുവനന്തപുരം: കേരളത്തിലെ റേഷന്‍കടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി മന്ത്രി ജി.ആര്‍ അനിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ. വഴി സംസ്ഥാനത്തിന് അനുവദിച്ചു വരുന്ന അരി വിഹിതം 50 ശതമാനം പച്ചരി, 50 ശതമാനം പുഴുക്കലരി എന്ന തോതിലാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നൽകുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി എഫ്.സി.ഐ. യില്‍ നിന്നും വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90 ശതമാനം ആണ്. പുഴുക്കലരി എഫ്.സി.ഐ. യില്‍ നിന്നും തീരെ കിട്ടാത്ത അവസ്ഥയാണ്. പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തിൽ പൊതുവെയും പ്രത്യേകിച്ച് മലയോര–തീരദേശ മേഖലകളിലെ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്.

മലബാര്‍ മേഖലയിലെ ജനങ്ങൾ ഭൂരിഭാഗവും ചോറിന് പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാര്‍ക്കറ്റിൽ അരിവില ഉയരുന്നതിന് കാരണമായി. മുൻഗണനാ കാര്‍ഡുകളായ അന്ത്യോദയ-അന്നയോജന കാര്‍ഡുടമകൾക്കും പുഴുക്കലരി ലഭ്യമാകാത്ത അവസ്ഥയാണ്. റേഷന്‍ കടകളിൽ പുഴുക്കലരി വിതരണം കുറഞ്ഞതോടെ സാധാരണക്കാര്‍ ഏറെ പ്രയാസത്തിലാണ്.

ഇത് കേരളത്തിലെ റേഷന്‍ സമ്പ്രദായത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കേരളത്തിലെ റേഷന്‍ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനക്രമീകരിക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - GR Anil informed Kerala's concern center about wormwood shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.