തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
സംഘടനയിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് വിളിച്ചുചേർത്ത സിനിമാ സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ‘അമ്മ’യെ കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തുവെന്നും പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങളിൽ സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിനോദ നികുതി പെട്ടെന്ന് കുറക്കാൻ കഴിയില്ലെന്നും എന്നാൽ അതൊരു പ്രശ്നമാണെന്ന് മനസ്സിലാക്കുന്നുവെന്നും, ആ ആവശ്യം സർക്കാരിന് മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലക്ക് ഇതുവരെ വ്യവസായ പദവി ലഭിച്ചിട്ടില്ലെന്നും, അത് ലഭിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
ഏകജാലക സംവിധാനം വഴി ക്ലിയറൻസ് നൽകുക, ഇ-ടിക്കറ്റിങ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പൈറസി തടയുന്നതിനായി കൊച്ചിയിലും മലബാറിലും സോണൽ ഓഫിസുകൾ നടപ്പിലാക്കുമെന്നും മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി.
യോഗത്തിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. നികുതി കാര്യങ്ങളിൽ കൃത്യമായി ഇടപെടാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
പുതിയ സർക്കാർ എല്ലാ കാര്യങ്ങളും പരിഹരിക്കുമെന്ന വിശ്വാസമുണ്ട്. എല്ലാവരെയും ഉൾപ്പെടുത്തി ഇത്തരമൊരു ചർച്ച ആദ്യമായാണ് നടക്കുന്നത്. സർക്കാറിന്റെ ഇടപെടൽ വളരെ നല്ലതാണെന്നും, പൈറസി സംബന്ധിച്ച കാര്യത്തിലും കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.