ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍റെയും കൺസ്യൂമര്‍ ഫെഡിന്‍റെയും മദ്യശാലകൾ പൂട്ടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ ഉമ്മൻ ചാണ്ടി മുന്നോട്ടുവെച്ചു. കോവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്ത സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കുകയും വേണം.

വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നൽകാൻ വേണ്ട നിര്‍ദ്ദേശം ജില്ല കലക്ടര്‍മാര്‍ക്ക് നല്കണം. ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശ്ശിക, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകളുടെ കുടിശ്ശിക എന്നിവ കൊടുക്കാൻ നടപടി സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും.

എട്ട്, ഒന്‍പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ നിശ്ചയിച്ച പരീക്ഷകള്‍ റദ്ദ് ചെയ്യണം. ഇറാനിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

രോഗം വ്യാപിക്കുന്നത് തടയാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നല്കുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്താനുമാണ് ഈ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - govt should close all the beverage shops -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.