കരളും വൃക്കയും മാറ്റിവെച്ചവർക്കുള്ള മരുന്ന് സൗജന്യമായി നൽകാൻ സ്പോൺസർഷിപ്പിലൂടെയോ സംഭാവന വഴിയോ തുക കണ്ടെത്തണമെന്ന് സർക്കാർ

മലപ്പുറം: കരളും വൃക്കയും മാറ്റിവെച്ചവർക്കുള്ള മരുന്ന് സൗജന്യമായി നൽകാൻ സ്പോൺസർഷിപ്പിലൂടെയോ സംഭാവന വഴിയോ പണം കണ്ടെത്താമെന്ന് സർക്കാർ. തികയാതെവരുന്ന തുക മാത്രമേ തനതുവിഹിതത്തിൽനിന്നെടുക്കാവൂ എന്നും മലപ്പുറം ജില്ല പഞ്ചായത്ത് നൽകിയ കത്തിന് നൽകിയ മറുപടിയിൽ സൂചിപ്പിച്ചു.

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കാസ്‌പ്), കാരുണ്യ ബെനവലന്റ് ഫണ്ട് എന്നീ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്കും മരുന്ന് സൗജന്യമായി നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് തദ്ദേശവകുപ്പിന് കത്ത് നൽകിയിരുന്നു. തുടർന്ന് ആഗസ്‌റ്റ് എട്ടിന് തദ്ദേശവകുപ്പ് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ് സ്പോൺസർഷിപ്, സംഭാവന വഴി മരുന്നിനുള്ള പണം കണ്ടെത്തണമെന്ന് നിർദേശം നൽകിയത്.

നേരത്തേ അവയവം മാറ്റിവെച്ചവർക്ക് മരുന്ന് വാങ്ങാനുള്ള പണം ജില്ല പഞ്ചായത്ത് നൽകിയിരുന്നു. സർക്കാർ മാർഗരേഖപ്രകാരം മാരകരോഗങ്ങൾക്ക് സർക്കാർ ഡോക്‌ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ബന്ധപ്പെട്ട ആശുപത്രികൾ മുഖേനയാണ് നൽകേണ്ടത്. അവയവം മാറ്റിവെച്ചവർക്ക് മരുന്ന് വാങ്ങി നൽകാൻ പൊതു അനുമതിയില്ലെന്നും ഉത്തരവിൽ പറയുന്നു. രോഗികൾക്ക് കാസ്‌പ്, കാരുണ്യപദ്ധതി വഴി സഹായം ലഭിക്കുന്നില്ലെങ്കിൽ ഡോക്‌ടർ നിർദേശിക്കുന്ന കാലയളവിലേക്കു മാത്രം അത്തരം മരുന്നുകൾ മാനദണ്ഡം പാലിച്ച് ഒരു വർഷത്തേക്ക് നിലമ്പൂർ ജില്ല ആശുപത്രി മുഖേന നൽകാനും ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.

അവയവം മാറ്റിവെച്ച എല്ലാവർക്കും മരുന്നുകൾ സൗജന്യമായി നൽകാനുള്ള അവസരമാണ് ഉത്തരവിലൂടെ സർക്കാർ ഇല്ലാതാക്കിയതെന്നും പണം ചെലവഴിക്കാൻ അനുമതി തന്നാൽ തീരുന്ന പ്രശ്‌നമാണിതെന്നും ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ യോഗത്തിൽ അറിയിച്ചു. മുൻകാലങ്ങളിൽ മരുന്ന് നൽകിയപ്പോഴൊന്നും സംസ്ഥാന സർക്കാർ തടസ്സം പറഞ്ഞിട്ടില്ലെന്നും വിഷയം രേഖാമൂലം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും പ്രതിപക്ഷാംഗം ഇ. അഫ്‌സൽ പറഞ്ഞു.

Tags:    
News Summary - government says find fund through sponsorship or donations to provide free medicine to liver and kidney transplant recipients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.