തിരുവനന്തപുരം: വന്ദേമാതരം മുഴുവൻ പാടില്ലെന്ന നിലപാട് ആവർത്തിച്ച് സർക്കാർ. ആഗസ്റ്റ് നാലിലെ പൊതുഭരണവകുപ്പ് ഉത്തരവ് പ്രകാരം തലസ്ഥാനത്ത് മുഖ്യമന്ത്രിയും ജില്ലകളിൽ മന്ത്രിമാരും പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ ദേശീയഗാനം മാത്രമേ ആലപിക്കൂ. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മാത്രമാണ് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെടാറുള്ളത്.
സ്വാതന്ത്ര്യദിനത്തിൽ തലസ്ഥാനത്തെ ചടങ്ങിൽ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. അതുകൊണ്ട് ഇക്കുറി വന്ദേമാതര ആലാപനമുണ്ടാകില്ല. ‘ഹർ ഘർ തിരംഗ’ കാമ്പയിനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിഗണിക്കാതെ പൊതുഭരണവകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കേന്ദ്ര സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അതേപടി വകുപ്പുകൾക്ക് കൈമാറിയ ചീഫ് സെക്രട്ടറിയുടെ നടപടിയാണ് വിവാദത്തിനിടയാക്കിയത്.
അതേസമയം, വന്ദേമാതരം മുഴുവനായി പാടണമെന്നാണ് തന്റെ നിലപാടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
വന്ദേമാതരത്തിന്റെ ഭാഗമായി ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങൾ മതേതര രാജ്യത്ത് ആലപിക്കുന്നതിൽ തെറ്റുണ്ടെന്ന് മന്ത്രി സി.പി. ജോൺ പ്രതികരിച്ചു. ഗാന്ധിജിയും നെഹ്റുവുമടക്കമുള്ളവർ ജീവിച്ചിരുന്ന കാലത്തുതന്നെ വന്ദേമാതരത്തിന്റെ നിശ്ചിതഭാഗം പാടിയാൽ മതിയെന്ന് നിശ്ചയിച്ചിരുന്നു. എ.ഐ.സി.സി നയപരമായി തീരുമാനിച്ച അത്രയും ഭാഗം പാടിയാൽ മതിയെന്നാണ് സി.എം.പിയുടെ നിലപാടെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.
വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവർ വ്യക്തതവരുത്തിയെന്നും അതാണ് തന്റെ നിലപാടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ലോക്ഭവൻ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയതെന്ന കഴിഞ്ഞദിവസത്തെ പരാമർശം വിവാദമായ സാഹചര്യത്തിൽ അതിനെക്കുറിച്ച് വിശദീകരണത്തിനില്ല. ‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഭാഗമായി വരുന്ന സർക്കുലറുകൾ ഫോർവേർഡ് ചെയ്യപ്പെടാം. അതിൽ പോരായ്മയോ രാഷ്ട്രീയമോ ഉണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് തിരുത്തുക. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലപാട് എന്താണെന്ന് ഓരോ മന്ത്രിമാരും പറയേണ്ടതില്ലെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
അതേസമയം, വന്ദേമാതരം പകുതി പാടാൻ സമ്മതിക്കില്ലെന്നും അങ്ങനെയെങ്കിൽ കോൺഗ്രസ് ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.