തിരുവനന്തപുരം: ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച കാബിനറ്റ് നോട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കവെ നവംബര്‍ എട്ടിനാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയല്‍ വ്യക്തമാക്കുന്നു. സര്‍ക്കാറിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേര്‍ന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവെയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പെന്നും വി.ഡി സതീശൻ വാർത്താ കുറിപ്പിൽ വിമർശിച്ചു.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ല. മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകള്‍ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യ നയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവെച്ചെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.