ജയിൽ മതിലിലെ വൈദ്യുതി വിച്ഛേദിച്ചത് ആരാണെന്ന് വി. മുരളീധരൻ​; ‘പി. ജയരാജൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയംഗം, ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയ പുറത്തുവരണം’

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു സിസ്റ്റം കൂടി തകരാറാണെന്ന് വ്യക്തമായിരിക്കുന്നു. അത് ആഭ്യന്തരവകുപ്പെന്ന സിസ്റ്റം ആണ്. സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയംഗമാണ്. മാർക്സിസ്റ്റ് പാർട്ടിയുടേയും സർക്കാരിന്‍റെയും പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ് ഇത്തരം നിയമനങ്ങൾ. വിശദമായ അന്വേഷണം നടത്തി കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയയെ പുറത്തുകൊണ്ടുവരണം -മുരളീധരൻ ആവശ്യപ്പെട്ടു.

പ്രതിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടാകും. പതിവുപോലെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. പ്രതി പുലർച്ചെ ചാടിയിട്ടും ഏഴുമണി വരെ അന്വേഷിക്കാത്തത് എന്തുകൊണ്ട്, ജയിലിലെ സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടോ, മതിലിലെ വൈദ്യുതി വിച്ഛേദിച്ചത് ആരാണ് തുടങ്ങി സകലചോദ്യങ്ങൾക്കും ഉത്തരംവേണം. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ജാഗ്രതകൊണ്ടാണ് പ്രതി വലയിലായതെന്നും മുൻ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Tags:    
News Summary - Govindachamy's prison escape: v muraleedharan against p jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.