തിരുവനന്തപുരം: സർവകലാശാല വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനും സർക്കാറിന് നിയന്ത്രണം കൊണ്ടുവരാനും ലക്ഷ്യമിടുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ ഭാവി 'പ്രവചിച്ച്' ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഏത് ബിൽ പാസാക്കിയാലും താൻ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ എന്ന ഗവർണറുടെ നിലപാട് സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ്.
വി.സി നിയമനം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സുപ്രീംകോടതി വിധികളും ഉദ്ധരിച്ചാണ് ബില്ലിന്റെ സാധുതയെ ഗവർണർ ചോദ്യം ചെയ്യുന്നത്. ഇതോടെ നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പിടില്ലെന്ന് ഏറക്കുറെ ഉറപ്പായി. സർക്കാറുമായുള്ള പോര് കടുക്കുന്നതിനിടെ ഗവർണർ ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നൽകാൻ നടത്തിയ നീക്കത്തിൽ തുടർനടപടികൾ ഗവർണർ തിരിച്ചെത്തുന്നതോടെയുണ്ടാകും. വൈസ്ചാൻസലർ ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.
സർവകലാശാലകളിലെ വഴിവിട്ട നിയമനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുന്നതിലും തീരുമാനമുണ്ടാകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി വേണമെന്ന നിലപാടിലാണ് രാജ്ഭവൻ. അടിസ്ഥാന യോഗ്യതയില്ലാത്തയാൾക്ക് സർവകലാശാലയിൽ നിയമനം നൽകാൻ ഒന്നാം റാങ്ക് നൽകിയ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ വൈസ്ചാൻസലറായിരുന്നു. ഗവർണറുടെ അനുമതിയില്ലാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതും ചട്ടവിരുദ്ധമായി സ്വാശ്രയ കോളജിന് അഫിലിയേഷൻ നൽകിയതും വി.സിക്കെതിരെ നടപടി അനിവാര്യമാക്കാനുള്ള കാരണങ്ങളായി രാജ്ഭവൻ മുന്നോട്ടുവെക്കുന്നു.
2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളും തുടർനടപടികളിൽ വീഴ്ച വരുത്തിയതും വി.സിക്കെതിരെയുള്ള കുറ്റമായി ഗവർണർതന്നെ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ സർവകലാശാലയിലെ അധികാരം കവരുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ദിവസം തന്നെയാണ് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.