തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നേരിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തത് വിവാദത്തിൽ. സംഭവത്തിൽ അസംതൃപ്തി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഗവർണർ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് പരക്കെ വിമർശനമുയർന്നു. ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി.
യോഗാദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ജൂണ്‍ 16ന് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ഗവർണർ വിളിച്ചത്. ലോക്ഭവനിലായിരുന്നു യോഗം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാൻസലർമാരും നാഷണര്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും ഇതിൽ പങ്കെടുത്തു. യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിന് ഗവര്‍ണര്‍ നിർദേശം നല്‍കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിൽ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു.
ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഇത്തരം യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രതിപക്ഷ വിമര്‍ശനം. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വൈസ്ചാന്‍സിലര്‍മാരുടേയോ ക്രമസമാധാന വിഷയങ്ങളിൽ പൊലീസ് മേധാവിമാരുടേയോ യോഗം മാത്രമാണ് സാധാരണ ഗവര്‍ണര്‍ വിളിക്കാറുള്ളത്. ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഒരുക്കം വിലയിരുത്താന്‍ ഇതാദ്യമായാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്. മുന്‍പ് എം ജി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ നിയമനങ്ങളും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.