ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാറിനും വകുപ്പിനും തിരിച്ചടി. ഡോ. കെ.ജെ. റീനയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സ്റ്റേ. ഡോ. റീനയുടെ ഹരജിയിലാണ് ട്രൈബ്യൂണൽ തിരുവനന്തപുരം ബെഞ്ചിന്‍റെ ഇടപെടൽ.
സ്ഥലംമാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചില്ലെന്നുമുള്ള റീനയുടെ വാദം അംഗീകരിച്ചാണ് സ്റ്റേ നൽകിയത്. പുതിയ ഡയറക്ടറായി ഡോ. വി. മീനാക്ഷി 13ന് ചുമതലയേറ്റെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് റീന മൂന്നുവർഷം പൂർത്തിയാക്കിയതിനാൽ സ്വാഭാവിക സ്ഥലംമാറ്റമാണെന്നുമുള്ള സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. റീനയെ തത്തുല്യ തസ്തികയിലേക്കാണ് മാറ്റിയതെന്നും ശമ്പളത്തിലോ മറ്റാനുകൂല്യങ്ങളിലോ കുറവു വരില്ലെന്നുമുള്ള സർക്കാർ വാദവും ട്രൈബ്യൂണൽ തള്ളി.
ഏതാനും ദിവസം മുമ്പാണ് റീനയെ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി, എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായാണ് നിയമിച്ചത്. പകരം ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ (കുടുംബക്ഷേമ വിഭാഗം) ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ പൂര്‍ണ അധികച്ചുമതല നല്‍കുകയായിരുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ. റീന 15 ദിവസം അവധിയെടുത്തെന്നാരോപിച്ചാണ് സ്ഥലംമാറ്റിയത്.
കാലാവധി തീർന്നതും സർക്കാറുമായി ആലോചിക്കാതെ ചില നടപടികൾ സ്വീകരിച്ചതുമാണ് സ്ഥലംമാറ്റ കാരണമെന്ന് മന്ത്രി കെ. മുരളീധരൻ പിന്നീട് വിശദീകരിച്ചിരുന്നു. സംസ്ഥാനത്ത് ഷിഗല്ലെ പടരുകയും നിപ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡോ. റീന 15 ദിവസം അവധി ചോദിച്ചതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടായെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.