കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ അടിയന്തരമായി വ്യക്തമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെ.എസ്.യു കാസർഗോഡ് ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ. സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണാധികാരവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ജവാദ് പുത്തൂർ ഓർമിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ സർക്കാർ തയാറാകണം. വിദ്യാർഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ, വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ അടിയറവെച്ച എൽ.ഡി.എഫ് സർക്കാർ നടപടികളെ കെ.എസ്.യു ശക്തമായി പ്രതിരോധിച്ചിരുന്നു. അന്നത്തെ ആ നിലപാടിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കെ.എസ്.യു നേതാവ്, ഫെഡറൽ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരണമെന്നും കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം.
കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.
മുൻ എൽ.ഡി.എഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല.
വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ് സർക്കാരിനാണ്. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
വിദ്യാഭ്യാസ സ്വയംഭരണവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്ന മുൻ കാലങ്ങളിൽ KSU വും കോൺഗ്രസും എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
(ചിത്രം: മുൻ LDF സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ കാസർഗോഡ് സംഘടിപ്പിച്ച പ്രതിഷേധം.)
അഡ്വ. ജവാദ് പുത്തൂർ
KSU കാസർഗോഡ് ജില്ല പ്രസിഡണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.