പിണറായി വിജയൻ

പി.എം ശ്രീയിൽ നയംമാറ്റത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ച ഘടകമെന്ത്? പിന്മാറാനാകില്ലെന്ന വാദം തെറ്റെന്നും പിണറായി വിജയൻ

തിരുവനന്തപുരം: വിവാദ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പി.എം ശ്രീയിൽ നയംമാറ്റത്തിന് യു.ഡി.എഫ് സർക്കാറിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

അതിനിശിതമായി എതിർത്ത യു.ഡി.എഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവരുന്നതിന്റെ ഉദ്ദേശശുദ്ധി വിശദീകരിക്കണം. സംസ്ഥാന സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമേ പി.എം ശ്രീ നടപ്പാകൂ. കേന്ദ്ര സർക്കാർ എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ടോ? പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പഴയ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രം കാരണമാണെന്ന യു.ഡി.എഫിന്‍റെ വാദം തികചക്കും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലെത്തിയാൽ പി.എം ശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലിലെറിയും എന്നുമൊക്കെ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പി.എം ശ്രീ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ മുന്നോട്ടുവരികയാണെന്നും വിമർശിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിയ എതിർപ്പുകൾ മാറ്റിവെച്ച് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്നതിന് യു.ഡി.എഫ് ഉത്തരം നൽകണം. മുൻ എൽ.ഡി.എഫ് സർക്കാർ ധാരാണപത്രം ഒപ്പിട്ടെന്നും അതിനാൽ പിന്നോട്ടുപോകാനാകില്ലെന്നുമാണ് ഇതിന്റെ ന്യായീകരണമായി സർക്കാർ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പി.എം ശ്രീ നടപ്പാക്കിയിട്ടുണ്ട്. ഒരു വിയോജിപ്പും ഒരു കോൺഗ്രസ് സർക്കാരും ഉയർത്തിയിട്ടില്ല. കോൺഗ്രസിന്റെ നിലപാട് പി.എം ശ്രീയെ അംഗീകരിക്കുന്നതാണ്. അത് കേരളത്തിലും നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പി.എം ശ്രീ ഒപ്പിടാത്തതിന്റെ ഭാഗമായി എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചു. ഇത് വിദ്യാഭ്യാസമേഖലയെ വരിഞ്ഞുമുറുക്കുന്ന സ്ഥിതിയുണ്ടാക്കി. ആ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടത്. പക്ഷേ ധാരണാപത്രം അനുസരിച്ചുള്ള ഒരുനടപടിയും മുന്നോട്ടുപോയില്ല. ഒരു മാസത്തിനുള്ളിൽതന്നെ ധാരണാപത്രം പൂർണമായും മരവിപ്പിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. ഇത് വ്യക്തമാക്കിക്കൊണ്ട് 2025 നവംബർ 12ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയക്കുകയും ചെയ്തു.

ഒരു തവണ ധാരാണപത്രത്തിൽ ഒപ്പിട്ടാൽ സംസ്ഥാന സർക്കാറിന് പിന്മാറാനാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാകില്ല. മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുക, സ്കൂളുകളുടെ ലിസ്റ്റുകൾ കേന്ദ്രത്തിന് അയക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പിന്നീട് സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ കേരളത്തിൽ അത്തരത്തിൽ ഒരുനടപടിയും സ്വീകരിച്ചില്ല. പി.എം ശ്രീയിൽ കേന്ദ്രം നിഷ്കർഷിക്കുന്ന കാര്യങ്ങളൊന്നും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ടാണ് ഇപ്പോഴും പദ്ധതി നടപ്പാകാതിരിക്കുന്നത്. പി.എം ശ്രീ കേരളത്തിൽ നടപ്പായില്ല എന്നതാണ് വസ്തുത.

ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാവുന്ന ഒന്നുമാത്രമാണ് പി.എം ശ്രീ പദ്ധതി. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പിന്മാറാനാകില്ലെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ? പി.എം ശ്രീയിൽ കരാർ ഒപ്പിട്ടെങ്കിൽപോലും അതിൽനിന്ന് പിന്മാറാമെന്നതിന് ഉദാഹരണം രാജ്യത്തുണ്ട്. 2022 ഒക്ടോബറിൽ പഞ്ചാബ് സർക്കാർ പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എന്നാൽ ഒമ്പത് മാസങ്ങൾക്ക് ശേഷം 2023 ജൂലൈയിൽ ഔദ്യോഗികമായിതന്നെ പദ്ധതിയിൽനിന്ന് പഞ്ചാബ് സർക്കാർ പിന്മാറി. കേരളത്തിൽ പി.എം ശ്രീയുടെ ഭാഗമായി പണം ലഭിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാർ കേരളത്തിന് പി.എം ശ്രീയുടെ പണം നൽകിയിട്ടില്ല എന്ന് പാർലമെന്റിൽതന്നെ മറുപടി ലഭിച്ചതാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ കാര്യം മുഖ്യമന്ത്രി ഉന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? എസ്.എസ്.കെ ഫണ്ടാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പി.എം ശ്രീയുമായി ഒരു ബന്ധവുമില്ല. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ എസ്.എസ്.കെയുടെ ഭാഗമായി 1158 കോടി രൂപയുടെ ഫണ്ടാണ് കേരളത്തിന് നഷ്ടമായതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - What factor prompted the UDF to change its policy on PM Shri? Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.