കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകുമെന്ന് ഹൈകോടതി. പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
സർക്കാർ വാക്ക് പാലിച്ചത് കണ്ടുകൂടേയെന്ന് ഹരജിക്കാരനോട് ചോദിച്ച കോടതി, ഹരജി വിധി പറയാനായി മാറ്റി. പദ്ധതിയുടെ ഗുണഭോക്താക്കൾ പാവപ്പെട്ടവരാണല്ലോയെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
എന്നാൽ, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ സ്ത്രീ സൗജന്യ യാത്ര പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും വിശദീകരിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് താങ്ങാനാകാത്ത വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇത് വിവേചനപരമാണെന്നുമാണ് ഹർജിക്കാരന്റെ വാദം. പദ്ധതി വഴി പ്രതിദിനം രണ്ട് കോടിയുടെയും പ്രതിവര്‍ഷം 800 കോടി രൂപയുടെയും അധികബാധ്യത കെ.എസ്.ആർ.ടി.സിക്ക് വരും.
പുരുഷന്മാരെയും സ്ത്രീകളെയും ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരൻ വാദിച്ചിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ആഘാത വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. പൊതുജനാഭിപ്രായ രൂപീകരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപോലെ നടപ്പിലാക്കുകയാണ് ചെയ്തത്. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സ്ത്രീകളുടെ സൗജന്യയാത്രക്ക് സംസ്ഥാനത്ത് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ഉള്ളത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിൽ സൗജന്യ യാത്ര അനുവദിക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേര്‍സിനും കെ.എസ്.ആർ. ടി.സിയില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.