തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കൊലക്കേസില്‍ കുറ്റവാളി ഷെറിനെ ജയിൽ മോചിതയാക്കാനുള്ള സർക്കാറിന്‍റെ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇതോടെ ഷെറിൻ ഉടൻ ജയിൽ മോചിതയാകും. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് ഷെറിന്‍റെ മോചനം.
ശിക്ഷാ കാലയളവിൽ ഇളവു നൽകി ഷെറിനെ മോചിപ്പിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതിനുശേഷം ജയിലിൽ സഹതടവുകാരിയായ നൈജീരിയക്കാരിയെ കൈയേറ്റം ചെയ്തതിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയും ഷെറിൻ പ്രതിയാകുകയും ചെയ്തു. മാത്രമല്ല, ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ആരോപണമുയർന്നു. ഇതോടെ മോചിപ്പിക്കാനുള്ള തീരുമാനം സർക്കാർ തൽക്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഷെറിന് ആഭ്യന്തരവകുപ്പ് പരോൾ അനുവദിച്ചു. തുടർന്ന് അവർ 15 ദിവസം പരോളിൽ ഇറങ്ങുകയും ചെയ്തിരുന്നു.
ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ 2009 നവംബർ എട്ടിനാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്.
മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.
മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഹൈകോടതി ഉത്തരവ് ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.