representational image
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ വ്യക്തത വരുത്തി ഹൈകോടതി വിധി പുറപ്പെടുവിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ നിർണായകം.
കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുകയോ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിക്കുകയോ ചെയ്യേണ്ടിവരും. സർക്കാർ നിലപാടിന് അനുസൃതമായിട്ടായിരിക്കും ഭിന്നശേഷി സംവരണ കേസിൽ കുരുങ്ങിയ 9913 അധ്യാപകരുടെ നിയമനാംഗീകാരത്തിൽ തീരുമാനമാവുക. ഇത്രയും അധ്യാപകർക്ക് അംഗീകാരം നൽകുന്നത് വഴി സർക്കാറിനുണ്ടാകുന്ന അധിക സാമ്പത്തികബാധ്യതയും ഇതിൽ നിർണായകമാണ്. എന്നാൽ കോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാറിന് കഴിയുകയുമില്ല.
എയ്ഡഡ് സ്ഥാപനങ്ങളിൽ മൂന്ന്/ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള സാമൂഹികനീതി വകുപ്പിന്റെ ഉത്തരവിറങ്ങിയത് 2018 നവംബർ 18നാണ്. ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത് 2021 നവംബർ എട്ടിനുമാണ്.
ഈ രണ്ട് തീയതികൾക്കിടയിൽ എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായ തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്ക് വ്യവസ്ഥകളോടെ നിയമനാംഗീകാരം നൽകാമെന്നാണ് ഹൈകോടതി വിധിയിലൂടെ വ്യക്തത വരുത്തിയത്.
മുൻകാലങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങളുടെ നിയമനത്തിലുണ്ടായ കുറവ് (ബാക്ലോഗ്) കണക്കാക്കി റോസ്റ്റർ പ്രകാരം സംവരണം നടപ്പാക്കുമ്പോൾ കോടതി വിധി പ്രകാരം നിയമനാംഗീകാരം ലഭിക്കുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ അവർക്ക് കെ.ഇ.ആർ വ്യവസ്ഥ ചെയ്യുന്ന െക്ലയ്മെന്റ് സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്ന അധ്യാപകർക്ക് അതേ മാനേജ്മെന്റിന് കീഴിൽ വരുന്ന അർഹമായ ആദ്യ തസ്തികയിലേക്ക് നിയമനത്തിന് അർഹതയുണ്ടായിരിക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.