'നൽകാത്ത സേവനത്തിന്റെ വ്യാജ ഇൻവോയ്‌സ് നിർമിച്ചത് വീണയുടെ ഐഫോണിൽ'; മാസപ്പടിക്കേസിൽ കൂടുതൽ തെളിവ്

കൊച്ചി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്കെതിരെ കൂടുതൽ തെളിവുകൾ. വ്യാജരേഖകൾ നിർമിച്ചത് വീണയുടെ സ്വന്തം ഐഫോൺ പ്രോ മാക്‌സിലാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വ്യാജ ഇൻവോയ്‌സുകൾ നിർമിച്ചിരിക്കുന്നത്.

വ്യാജ ഐടി സേവന കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ-മെയിൽ ഇടപാടുകളും ഐഫോണിൽ നിന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇ-മെയിൽ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന വീണയുടെ മുൻ മൊഴികൾക്ക് വിരുദ്ധമാണ് ഈ തെളിവുകൾ.വീണയുടെ പേരിൽ കോഴിക്കോട് കേന്ദ്രീകരിച്ച് 'ലേക്കർ ഇന്ത്യ കോർപ്പ്' എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. ഡൽഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി സമർപ്പിച്ച 21 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വീണയ്ക്കെതിരെയുള്ള ഈ ഗുരുതര കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ അറസ്റ്റ് അടക്കമുള്ള ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. സിവിൽ നടപടികളുമായി (സ്വത്ത് കണ്ടെത്തൽ, മൊഴിയെടുക്കൽ) മുന്നോട്ടുപോകാനേ ഇഡിക്ക് സാധിക്കൂ.പിണറായിയുമായുള്ള അടുപ്പം കാരണമാണ് പണം നൽകിയതെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയതും നേരത്തെ പുറത്തുവന്നിരുന്നു. 2024 ഏപ്രിലിൽ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വീണ ടി.യുടെ പേരിലും കമ്പനികളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയും, മറ്റൊരു കമ്പനിയായ 'ലേക്കർ ഇന്ത്യ'യുടെ 15.5 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. വീണയുടെ ലോക്കറും ഇതിൽ ഉൾപ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ നിലവിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണുള്ളത്. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Fake invoice for services not rendered was created on Veenas iPhone says ed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.