ഇഖ്ബാൽ സ്കൂൾ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനക്ക് വിട്ടുനൽകണം; പ്രക്ഷോഭവുമായി മുസ്ലിം ഓർഫനേജ് കമ്മിറ്റി

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളായ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം ഓർഫനേജ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1960ൽ സി.എച്ച്. മുഹമ്മദ് കോയ മുൻകൈയെടുത്താണ് സ്കൂൾ അനുവദിച്ചത്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ നിർമിച്ച സ്കൂൾ നിലവിൽ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. സ്കൂൾ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനക്ക് കൈമാറണമെന്ന് ധാരണയിലെത്തിയിരുന്നെങ്കിലും സ്കൂൾ മാനേജ്മെന്‍റ് അത് നടപ്പാക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്.

തുടക്കത്തിൽ അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസയിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം.

പിന്നീട് പ്രദേശത്തെ കർഷകരും ഉദാരമതികളും ചേർന്ന് സൗജന്യമായും തുച്ഛമായ വിലയ്ക്കുമൊക്കെ ഭൂമി നൽകിയും ജനകീയ വിഭവ സമാഹരണത്തിലൂടെയും സ്കൂളിനു സ്വന്തമായി കെട്ടിടം നിർമ്മിച്ചു.

ഈ ദൗത്യത്തിന് ഡോ. എം.എ. അഹമ്മദ്, വടക്കൻ അഹമ്മദ് ഹാജി, എം.ബി. മൂസ ഹാജി, യു.വി. മൊയ്തു ഹാജി, എ. പൂക്കുഞ്ഞ് സാഹിബ്, എച്ച്.എസ്. ഇസ്ഹാബ്, പി.എം. മമ്മുഞ്ഞി ഹാജി, കെ.എസ്. അബ്ദുല്ല ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. ഡോ. എം.എ. അഹമ്മദ് ചെയർമാനായും എം.ബി. മൂസ ഹാജി സെക്രട്ടറിയായും കമ്മിറ്റി ഉണ്ടാക്കി. ഈ കാലത്തുതന്നെയാണ് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയും നിലവിൽ വന്നത്. കാലക്രമേണ സ്ഥാപക നേതാക്കളിൽ പലരും മരണപ്പെട്ടതോടെ ഇഖ്ബാൽ സ്കൂൾ ഡോ. എം.എ. അഹമ്മദിന്റെയും എം.ബി. മൂസ ഹാജിയുടെയും നിയന്ത്രണത്തിലായി.

പിന്നീട് ഇവരുടെ മക്കളായ എം.ബി. അഷ്റഫ്, എം.ബി. ബഷീർ, ഡോ. എം.എ. ഹാഫിസ്, ഡോ. എം.എ. അഫ്സൽ എന്നിവരുടെ നിയന്ത്രണത്തിലായി. ഈ കാലയളവിൽ അധ്യാപക – അനധ്യാപക നിയമനങ്ങൾ, പ്ലസ് വൺ മാനേജ്മെന്റ് സീറ്റുകൾ എല്ലാം ഇവരുടെ മാത്രം നിയന്ത്രണത്തിലായി. കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റിയെ ബോധപൂർവ്വം മാറ്റിനിർത്തി. സമുദായ സ്നേഹികളിൽനിന്ന് പിരിച്ചെടുത്തുണ്ടാക്കിയ സ്ഥാപനം പാരമ്പര്യ സ്വത്തുപോലെ കയ്യടക്കിവെച്ചതിനെതിരെ ജനരോഷം ഉയർന്നു. ഇതോടെ സ്കൂളും അനുബന്ധ സ്ഥാപനങ്ങളും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനക്ക് തന്നെ വിട്ടുനൽകാൻ നടത്തിപ്പുകാരായ എം.ബി. അഷ്റഫും മറ്റും തയ്യാറായി. 40 കോടി രൂപ മൂല്യമുള്ള സ്ഥാപനം യതീംഖാനക്ക് കൈമാറുന്നതായി 2015ൽ ഇവർ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനം നടപ്പായില്ല.

2020ൽ സ്കൂൾ നടത്തിപ്പുകാരായ സർ മുഹമ്മദ് ഇഖ്ബാൽ ട്രസ്റ്റിനുവേണ്ടി എം.ബി.എം. അഷ്റഫ്, എം.ബി.എം. ബഷീർ, ഡോ. എം.എ. ഹാഫിസ്, ഡോ. എം.എ. അഫ്സൽ എന്നിവർ വഖഫ് ആധാരം രജിസ്റ്റർ ചെയ്ത് നമ്പർ (ഡി.ഒ.സി നമ്പർ 814/2020) യതീംഖാനക്ക് കൈമാറി. രണ്ട് ഏക്കറോളം സ്ഥലവും മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും സ്കൂളിന് കൈമാറുന്ന തരത്തിലായിരുന്നു ആധാരം. പ്ലസ് വൺ മാനേജ്മെന്റ് സീറ്റുകളിൽ 25 ശതമാനം ആധാരം രജിസ്റ്റർ ചെയ്ത തന്ന വാഖിഫുമാർക്ക് സംവരണം ചെയ്തു നിലനിർത്താനും സ്കൂളിന്റെ ഭരണച്ചുമതലയിൽ ഇവരിൽനിന്ന് നാല് അംഗങ്ങളെയും ഉൾപ്പെടുത്താനുമായിരുന്നു ഉടമ്പടി.

യതീംഖാനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഒരംഗം ഉൾപ്പെടെയുള്ള നാല് അംഗങ്ങളെയും ചേർത്ത് എട്ട് അംഗ മാനേജിംഗ് കമ്മിറ്റിയായിരുന്നു വിഭാവനം ചെയ്തത്. ഉടമസ്ഥാധികാരം യതീംഖാനയ്ക്ക് കൈമാറിയെങ്കിലും സ്കൂളിന്റെ ഭരണപരമായ നിയന്ത്രണം എം.ബി. അഷ്റഫിന്റെയും ഡോ. എം.എ. ഹാഫിസിന്റെയും കൈകളിൽ തന്നെ തുടർന്നു.

ഇത് കഴിഞ്ഞ യതീംഖാന ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് 2024ൽ അന്നത്തെ കമ്മിറ്റി ഭാരവാഹികളെ മുഴുവൻ പുറത്താക്കി പുതിയ ഒരു ടീമിനെ ജനറൽ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലെ റിപ്പോർട്ടിൽ സ്കൂളിന് ആകെ 5.90 കോടി രൂപയുടെ ലാഭവിഹിതം ഉണ്ടെന്ന് പറഞ്ഞു. പുതിയ കെട്ടിട നിർമ്മാണത്തിന് എടുത്തത് കഴിച്ച് 3.65 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും പറഞ്ഞു. ഈ തുക 10 ദിവസത്തിനകം യതീംഖാനയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനൽകി. ഈ ഉറപ്പും പാലിച്ചില്ല. അതിനുശേഷവും 12 അധ്യാപക – അനധ്യാപക നിയമനങ്ങൾ നടന്നു. ആറുകോടി വരുമാനം വേറെയും വന്നു. 10 കോടിയിലേറെ രൂപ യതീംഖാനക്ക് നൽകാതെ കൈവശം വെച്ചിരിക്കുന്നു. ഈ കമ്മിറ്റിയെ പുറത്താക്കാൻ നീക്കംനടത്തുന്നുവെന്ന് അറിഞ്ഞതോടെ വഖഫ് ആധാരം നിയമവിരുദ്ധമായി വ്യാജരേഖകൾ ചമച്ച് ഭേദഗതികൾ ചെയ്തിരിക്കുകയാണ്.

സമുദായത്തിനും യതീംഖാനക്കും അവകാശപ്പെട്ട ഇഖ്ബാൽ സ്കൂളും സ്ഥാപനങ്ങളും കൊടുംചതിയിലൂടെ തട്ടിയെടുത്ത് സ്വന്തമാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ മാനേജ്മെന്റ് നടത്തിവരുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കും. യതീംഖാനയ്ക്ക് അവകാശപ്പെട്ട ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപനം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ നടത്തിപ്പുകാരുടെ വസതികളിലേക്കും സ്ഥാപനങ്ങളിലേക്കും മുഴുവൻ രക്ഷിതാക്കളെയും സമുദായ സ്നേഹികളെയും അണിനിരത്തി ബഹുജന മാർച്ച് സംഘടിപ്പിക്കാനും യതീംഖാന കമ്മിറ്റി ആലോചിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ്, സി.കെ. റഹ്മത്തുള്ള, എം.പി. ജാഫർ, ആസിഫ് മെട്രോ, ബി.എം. മുഹമ്മദ് കുഞ്ഞി, ഹമീദ് ചേരക്കാടത്ത്, പി.എം. നാസർ, എം.പി. നൗഷാദ്, സുറൂർ മൊയ്തു ഹാജി, ബഷീർ ആറങ്ങാടി, പി.എം. ഹസ്സൈനാർ, പി.എം. കുഞ്ഞബ്ദുല്ല ഹാജി, സി.ബി. കരീം, പാലായി കുഞ്ഞബ്ദുല്ല, ഉസ്മാൻ ഖലീജ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Iqbal School should be handed over to Kanhangad Muslim Orphanage says Muslim Orphanage Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.