റാപ്പർ വേടൻ

‘ആസാദി യാത്ര’യുമായി വേടൻ നാളെ കൊച്ചിയിൽ

കൊച്ചി: ഡല്‍ഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ് ഗായകൻ വേടന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച കൊച്ചിയില്‍ ആസാദി യാത്ര സംഘടിപ്പിക്കും. ഭരണഘടന ഉയർത്തിപ്പിടിച്ച് വൈകീട്ട് മൂന്നിനാണ് പദയാത്ര തുടങ്ങുക.

ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ച് കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളി നഗറിൽ വേടൻ പങ്കെടുത്ത ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ആസാദി യാത്ര സംഘടിപ്പിക്കുന്നത്.

വേടന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കെതിരെ കേസെടുത്തതിൽ സി.പി.എം വിമർശനമുന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ്... എന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ലൈന്‍ എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എറണാകുളം പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതുവഴി ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പരിപാടി നടത്തരുതെന്ന് കാണിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. വേടൻ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് വേടൻ പരിപാടിയിൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ എല്ലാവരും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vedhan’s ‘Azaadi Yatra’ in Kochi Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.