അഭിവാദ്യം ഇൻ പ്രോഗ്രസ്: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തുറന്ന വാഹനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി. ജോയ് എം.എൽ.എ എന്നിവർ സമീപം (photo: പി.ബി. ബിജു)
തിരുവനന്തപുരം: വികസന പ്രതിച്ഛായക്ക് അടിവരയിട്ടും ദേശീയപാത വികസനവും വിഴിഞ്ഞം തുറമുഖനിർമാണം പോലുള്ള വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ സർക്കാറിന്റെ ഇച്ഛാശക്തി എണ്ണിപ്പറഞ്ഞും ഭരണത്തിന്റെ നാലുവർഷ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാനൊരുങ്ങിയ ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാറാണെന്ന് ഊന്നിപ്പറയുന്ന റിപ്പോർട്ടിൽ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങള്‍ എടുത്തുകാട്ടി അതിന്റെ നിര്‍വഹണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രകടനപത്രികയില്‍ പറയാതെ നടപ്പാക്കിയ കാര്യങ്ങളും പ്രത്യേകമായി റിപ്പോര്‍ട്ടിലുണ്ട്.
സാമൂഹികക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും സര്‍ക്കാര്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നതെന്ന് റിപ്പോർട്ടിന്റെ മുഖവുരയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ദേശീയപാത പ്രവൃത്തികളെല്ലാം ദേശീയ ഹൈവേ അതോറിറ്റിയുടെ അംഗീകൃത പദ്ധതിയാണ്. പക്ഷേ, ഇവയുടെ സ്ഥലമെടുപ്പിന് വേണ്ടിവരുന്ന ചെലവിൽ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയാണ് കേന്ദ്ര സർക്കാറിന്. ഇൗ ഭാരം വഹിക്കേണ്ടിവന്നാലും ദേശീയപാത വികസനം മുന്നോട്ടുകൊണ്ടുപോകും. കൊല്ലം-ചെങ്കോട്ട ദേശീയപാത 744ന്റെയും എറണാകുളം ബൈപാസ് ദേശീയപാത 544ന്റെയും നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ വസ്തുക്കളുടെ സംസ്ഥാന ചരക്കുസേവന നികുതി ഒഴിവാക്കണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ഇതുപ്രകാരം 795.35 കോടി രൂപയുടെ വരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്ന് വെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത 66ന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. ഏഴ് സ്ട്രെച്ചറുകളിൽ പ്രവൃത്തി പൂർത്തിയായി. 19 സ്ട്രെച്ചറുകളിൽ പ്രവൃത്തി പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് ഇതുവരെ 5,580.74 കോടി രൂപ സംസ്ഥാന വിഹിതമായി കൈമാറി. നീലേശ്വരം റെയിൽവേ മേൽപാലം, തലശ്ശേരി-മാഹി ബൈപാസ്, കഴക്കൂട്ടം മേൽപാലം എന്നിവ പൂർത്തീകരിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതി ലക്ഷ്യമിട്ടതിനുംമുമ്പ് തന്നെ പ്രവർത്തനക്ഷമമാക്കി. വൈദ്യുതി ലഭ്യത തടസ്സമില്ലാതാക്കുവാൻ പവർ ഹൈവേകളുടെ പൂർത്തീകരണവും ഗെയിൽ പൈപ്പ് ലൈൻ സമയബന്ധിതമായി പൂർത്തീകരിച്ചതും സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും അവയിൽ സ്വീകരിച്ച നടപടികളും വിശദമാക്കുന്ന രീതിയിൽ പുറംചട്ട ഉൾപ്പെടെ 328 പേജിലാണ് പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.