കോഴിക്കോട്​ ജില്ലയിലെ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു

കോഴിക്കോട്​: സംസ്ഥാന സർക്കാർ കോഴിക്കോട്ട്​ പ്രവാസികൾക്കായി ഒരുക്കിയ ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ട​ുന്നു. ജില്ലയിലെ 42 ​ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്​ ജില്ല കലക്​ടർ ഉത്തരവ്​ നൽകി​.

ഹോട്ടലുകൾ, ലോഡ്​ജുകൾ​, റസിഡൻസികൾ എന്നിവിടങ്ങളിലൊരുക്കിയ ക്വാറൻറീൻ കേന്ദ്രങ്ങളാണ്​ സർക്കാർ നിർത്തലാക്കുന്നത്​. സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ വരുന്നവരുടെ എണ്ണം കുറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ജൂൺ 16നാണ്​ ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കോഴിക്കോട്​ ജില്ല കലക്​ടർ വി. സാംബശിവറാവു ഉത്തരവിട്ടത്​. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ നാട്ടിലെത്തുന്ന പ്രവാസികൾക്ക്​ ക്വാറൻറീൻ സൗകര്യമൊരുക്കാൻ ഹോട്ടലുകളും ലോഡ്​ജുകളും ഉൾപ്പെടെ ഏറ്റെടുത്തിരുന്നു. ഈ സ്ഥാപനങ്ങൾ വിട്ടുനൽകാനാണ്​ ഉത്തരവ്​. ഇതിൽ പകുതിയിലേറെ കോഴിക്കോട്​ കോർപറേഷൻ പരിധിയിലുള്ളതാണ്​.

കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന്​ കോഴിക്കോ​ട്ടെത്തിയ 24 പ്രവാസികൾക്ക്​ ക്വാറൻറീൻ സൗകര്യം ഇല്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം ബസിൽ തങ്ങേണ്ടി വന്നിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോഴാണ്​ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ വരവ്​ കുറഞ്ഞുവെന്ന കാരണം പറഞ്ഞ്​ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.