ബി.ജെ.പി ഓഫിസ് ആക്രമിച്ച് കുമ്മനത്തിന്റെ കാർ തകർത്ത കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി

തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ പ്രതികളായ, ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ തള്ളി. ഓഫിസ് ആക്രമിച്ച് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നാണ് കേസ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ പരമായി നിലനിൽക്കുന്നത് അല്ല എന്നുമായിരുന്നു സർക്കാർ വാദം.

എന്നാൽ, കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളുവുകൾ ഉണ്ടെന്നും ഇതിൽ രാഷ്ട്രിയ പ്രേരണ ഇല്ലെന്നും പരാതിക്കാരൻ മറുപടി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്‌. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫിസ് ആക്രമിച്ചത്. മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരും ഇല്ലെന്നും എഫ്.ഐ.ആറിൽ ഒരു പ്രതിയെ കുറിച്ചും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 'പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികളായി. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികൾ മാത്രമായിരുന്നു. സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ല' - കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രാഷ്‌ട്രീയ പ്രേരിതമായാണ് പെരുമാറുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളുവുകൾ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേസിലെ ഒന്നാം സാക്ഷി വിനീത് സമർപ്പിച്ച തർക്കഹരജിയിൽ പരാതിക്കാരൻ മറുപടി നൽകി.

Tags:    
News Summary - Government plea to withdraw the case of attacking BJP office, rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.